അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ നാളെ വിരമിക്കുന്നു
1298428
Tuesday, May 30, 2023 12:10 AM IST
തിരുവമ്പാടി: 33 വർഷത്തെ സേവനത്തിനുശേഷം അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ നാളെ സർവീസിൽ നിന്നും വിരമിക്കുന്നു. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലും ചമൽ നിർമ്മല യുപി സ്കൂളിലും ആയി 17 വർഷം പ്രധാന അധ്യാപകനായി സേവനം ചെയ്ത അദ്ദേഹം തിരുവമ്പാടി യുപി സ്കൂളിന്റെ മുഖച്ഛായ മാറ്റുന്നതിൽ സജീവ പങ്കുവഹിച്ചു.
മുക്കം ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി സ്കൂൾ ആയി സേക്രഡ് ഹാർട്ട് യുപി സ്കൂൾ മാറി എന്ന ചാരിതാർത്ഥ്യത്തോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.
"തകജം 2023' എന്ന പേരിൽ നടന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തെ അദ്ദേഹം മികച്ച സംഘാടന വൈഭവത്തോടെ ജനകീയ ഉത്സവമാക്കി മാറ്റി.2017 ൽ സ്പിക് മാകെയുടെ സഹകരണത്തോടെ "സപര്യ'എന്ന പേരിൽ അന്യം നിന്നു പോകുന്ന ഭാരതീയ കലകളെ പോഷിപ്പിക്കുന്ന പരിപാടി സ്കൂളിൽ സംഘടിപ്പിച്ച് നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റി.2018 ൽ വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിന്റെ സപ്തതി ആഘോഷങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
പഴയ സ്കൂൾ കെട്ടിടത്തിനു പകരം പുതിയ കെട്ടിടങ്ങൾ സ്ഥാപിക്കുകയും പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സ്കൂളിന് ഗേറ്റ് നിർമ്മിക്കുകയും ചെയ്യുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കഴിഞ്ഞ എട്ടു വർഷവും മുക്കം ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎക്കുള്ള അവാർഡ് നേടിയതിനുശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. 2018 ൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള ഹരിത വിദ്യാലയ റിയാലിറ്റി ഷോയിലും വിദ്യാലയത്തിന് പങ്കെടുക്കാൻ സാധിച്ചു.
മുക്കം ഉപജില്ലയിലെ പ്രൈമറി പ്രധാനാധ്യാപക കൺവീനർ എന്ന രീതിയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മികവുറ്റതായിരുന്നു.വേറിട്ട ആസൂത്രണങ്ങളിലൂടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റി.
കോഴിക്കോട് ഡയറ്റിന്റെ സഹകരണത്തോടെ സമാഗ്ര അധ്യാപക പരിവർത്തന പരിപാടി ബീക്കൺ 22 കഴിഞ്ഞ വർഷത്തിൽ നടപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. തിരുവമ്പാടിയുടെ അക്ഷര തറവാടായ സേക്രഡ് ഹാർട്ട് യുപി സ്കുളിനെ നാടിന്റെ പൊതു ഇടമായി വളർത്തി സംരക്ഷിച്ച് അദ്ദേഹം മേയ് 31 ന് അധ്യാപക ജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്.