ഓഞ്ഞിൽ-കുരിശുപള്ളി റോഡിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരമായില്ല
1298169
Monday, May 29, 2023 12:05 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിന്റെ അധീനതയിലുള്ള ഒന്ന്, പതിമൂന്ന് വാർഡുകൾ ഉൾപ്പെട്ടതുമായ ഓഞ്ഞിൽ-കുരിശുപള്ളി റോഡ് ടാറിംഗ് തകർന്ന് യാത്രാദുരിതവും റോഡിലെ തോടരികിന്റെ സംരക്ഷണഭിത്തി തകർന്ന് യാത്രക്കാർക്ക് അപകട ഭീഷണി നേരിടുന്നതായും പരാതി.
രണ്ട് വർഷങ്ങൾക്ക് മുൻപ് റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായിട്ടും പരിഹാരം കാണാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയുമെടുത്തില്ല. റോഡിന്റെ 800 മീറ്റർ ദൂരം മാത്രം അടുത്തിടെ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരണ പ്രവൃത്തി നടത്തിയിരുന്നു.
പേരാമ്പ്രയിലേക്കും കോഴിക്കോട്ടേക്കുമുള്ള എളുപ്പവഴിയാണിത്.
കൂടാതെ നിരവധി ദേവാലയങ്ങളും ഈ മേഖലയിലുള്ളതിനാൽ വാഹനങ്ങളുടെ തിരക്കുണ്ട്. സംരക്ഷണഭിത്തി തകർന്ന ഭാഗത്ത് രണ്ട് വാഹനങ്ങൾ കടന്നു പോകുന്നത് വളരെ പ്രയാസപ്പെട്ടാണ്. സ്കൂൾ തുറക്കുന്നതോടെ നിരവധി സ്കൂൾ ബസുകളും ഇതുവഴി കടന്നു പോകുന്നുണ്ട്.
അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കി ദുരവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.