കാമറ നിരീക്ഷണം സിപിഎം ഓഫീസിലേക്കും ആവശ്യമാണ്: വി.കെ. സജീവൻ
1298163
Monday, May 29, 2023 12:05 AM IST
കോഴിക്കോട്: റോഡ് ഗതാഗത നിയമലംഘനം കണ്ടെത്താൻ സ്ഥാപിച്ചിട്ടുളള നിർമ്മിത ബുദ്ധി കാമറയുടെ നിരീക്ഷണം സിപിഎമ്മിന്റെ ഓഫീസിലേക്കും വേണമെന്നും, സമീപകാലത്ത് പുറത്തുവന്നിട്ടുളള എല്ലാ അഴിമതികളുടെയും കരാർ ഉറപ്പിക്കുന്നത് സിപിഎം ഓഫീസിൽ നിന്നായതു കൊണ്ട് അന്വേഷണത്തിന് കാമറയുടെ നിരീക്ഷണം സഹായകരമാവുമെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു.
രണ്ടാം വാർഷികം ആഘോഷിക്കുന്ന പിണറായി ഭരണത്തിനെതിരേ ഇടതുപക്ഷം അഴിമതി പക്ഷം എന്ന മുദ്രാവാക്യമുയർത്തി ഒബിസി മോർച്ച കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വന്ദേ ഭാരതും, ദേശീയപാതാ വികസനവുമെല്ലാം കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനത്തും നടപ്പിലാക്കി വരുന്നതാണ്. എന്നാൽ കേരള സർക്കാർ മാത്രം കേന്ദ്ര സഹായങ്ങളെ പരിഹസിക്കുന്നത് പ്രബുദ്ധ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം കുററപ്പെടുത്തി. ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ അധ്യക്ഷനായി. ടി.എം. അനിൽകുമാർ, കെ. അജയഘോഷ്, കെ.സി. രാജൻ, എന്നിവർ പ്രസംഗിച്ചു.