ഇസ്രയേലി മാതൃകയില്‍ നൂതന കൃഷി രീതി പ്രാവര്‍ത്തികമാക്കാനൊരുങ്ങി യുവ കര്ഷകന്
1298162
Monday, May 29, 2023 12:05 AM IST
മുക്കം: സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ ഇസ്രയേലിൽ പോയി നൂതന കൃഷി രീതി പഠിച്ച സംഘത്തില്‍ പെട്ട യുവ കർഷകൻ തന്റെ കൃഷിയിടത്തിൽ മാതൃക കൃഷിക്ക് തുടക്കമിട്ടു.
കീഴുപറമ്പ് കുനിയിൽ കോലോത്തുംതൊടി അബ്ദുസമ്മദാണ് കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പ് മോവിക്കാവിലുള്ള തന്റെ രണ്ടര ഏക്കർ സ്ഥലത്ത് നൂതന കൃഷിരീതി ആരംഭിച്ചത്.
അത്യുത്പാദന ശേഷിയുള്ള 200 തെങ്ങിൻ തൈകളാണ് ആദ്യ ഘട്ടത്തില്‍ നൂതനമായി കൃഷി ചെയ്യുന്നത്. അതോടൊപ്പം 400 കവുങ്ങിൻ തൈ, 400 വാഴ മറ്റു കിഴങ്ങ് വർങ്ങളും കൃഷി ചെയ്ത് വരുന്നുണ്ട്.
ശാസ്ത്രീയമായി കുഴിയെടുത്താണ് തെങ്ങിൻ തൈ നട്ട് പിടിപ്പിക്കുന്നത്. നിശ്ചിത അകലവും പാലിച്ച് ശാസ്ത്രീയമായി പരിചരണത്തോടൊപ്പം മൂന്ന് വർഷത്തിനകം കായ്ഫലം ലഭിക്കും വിധമാണ് കൃഷിയിറക്കിയത്.
വെള്ളവും വളവുമെല്ലാം നിശ്ചിത സമയത്തും അളവിലും നല്‍കും.
ഒരേ വിള കൃഷി ചെയ്യുന്നതിലൂടെ കാർഷിക വില തകർച്ച ഉണ്ടായാൽ അതിനെ തരണം ചെയ്യാനാവുകയില്ലെന്നും ഇടകൃഷിയിലൂടെ കൂടുതൽ മെച്ചപ്പെട്ട സമ്പാദ്യം നേടാനാകുമെന്ന പഠന രീതിയിലാണ് കൃഷിയിറക്കുന്നത്.
നേരത്തെ ഇവിടെ ഉണ്ടായിരുന്ന 450 റബർ വെട്ടിമാറ്റിയാണ് തെങ്ങ്, കമുക് കൃഷിയിറക്കുന്നത്. പന്നി ശല്യം തടയുന്നതിന്നായി സോളാർ വേലിയും കൃഷിയിടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ജലസേചനത്തിനായി പദ്ധതിയും ഒരുക്കിട്ടുണ്ട്. കൃഷി വകുപ്പിന്റെ പരിപൂർണ പിന്തുണയും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.
തെങ്ങിൻ തൈ നടലിന്റെ ഉദ്ഘാടനം കാരശേരി പഞ്ചായത്ത് അംഗം ശാഹിന നിർവഹിച്ചു.