കൂരാച്ചുണ്ട് പൊതുശ്മശാനം: പഞ്ചായത്ത് ജനങ്ങളെ വഞ്ചിച്ചുവെന്ന് സമരസമിതി
1297362
Thursday, May 25, 2023 11:56 PM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ പൊതുശ്മശാന വിഷയത്തിൽ ഹൈക്കോടതി വിധിയും സർക്കാർ ഉത്തരവുകളും പഞ്ചായത്ത് ഭരണസമിതികളുടെ തീരുമാനങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് പഞ്ചായത്ത് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോടതി വിധി അനുസരിച്ച് താലൂക്ക് സർവേയർ നിർദിഷ്ട ശ്മശാനഭൂമിയിലെ രണ്ടേക്കർ സ്ഥലത്ത് നിന്നും ഗ്യാസ് ക്രിമറ്റോറിയത്തിനായി 25 സെന്റ് ഭൂമി അളന്ന് തിരിച്ചതല്ലാതെ പഞ്ചായത്ത് യാതൊരു തുടർ നടപടിയും സ്വീകരിച്ചില്ല.
2021-ലെ പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവനുസരിച്ച് ഇംപാക്ട് കേരളയുമായി ബന്ധപ്പെട്ട് തയാറാക്കിയ 1.6 കോടി രൂപയുടെ പുതിയ ഡിപിആർ സമർപ്പിച്ചുവെന്നും പ്രവർത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി സൈറ്റ് ബോർഡ് സ്ഥാപിക്കുന്ന നടപടി മാർച്ച് 30ന് നടത്തുന്നതാണെന്ന് സമരസമിതി ഭാരവാഹികളുടെ യോഗം വിളിച്ച് പഞ്ചായത്ത് അറിയിക്കുകയും ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ പഞ്ചായത്ത് തയാറാക്കി സമർപ്പിച്ച പുതിയ എസ്റ്റിമേറ്റിന്റെ കോപ്പി ലഭിക്കാനായി ഏപ്രിൽ 17-ന് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയപ്പോൾ ലഭിച്ച മറുപടിയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തയാറാക്കിയ എസ്റ്റിമേറ്റ് പഞ്ചായത്തിന് ലഭിച്ചിട്ടില്ലെന്നാണ് അറിയിച്ചതെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. ശ്മശാന നിർമാണത്തിനെതിരേ ഹൈക്കോടതിയിൽ നിലനിന്നിരുന്ന കേസുകൾ തീർപ്പാക്കി ഗ്യാസ് ക്രിമറ്റോറിയം നിർമിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയെങ്കിലും രണ്ട് വർഷം ആയിട്ടും പുതിയ ഡിപിആർ പോലും പഞ്ചായത്ത് തയാറാക്കിയിട്ടില്ലെന്നും ഇത് നിയമ വ്യവസ്ഥകളോടും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. അശോകൻ കുറുങ്ങോട്ട്, ബാലകൃഷ്ണൻ കുറ്റ്യാപ്പുറത്ത്, ഷിബു കട്ടയ്ക്കൽ, ഗോപി ആലക്കൽ, ഒ.ഡി. തോമസ് എന്നിവർ പങ്കെടുത്തു.