പ്ലസ് വൺ സീറ്റ്: രക്ഷിതാക്കളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്ന് എം.കെ. മുനീർ എംഎൽഎ
1297357
Thursday, May 25, 2023 11:56 PM IST
കോഴിക്കോട്: മലബാറിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾ ആവശ്യമായ പ്ലസ് വൺ ബാച്ച് അനുവദിക്കാത്ത സർക്കാരിന്റെ ഒളിച്ചുക്കളിക്കെതിരേ രക്ഷിതാക്കളെ പങ്കെടുപ്പിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് എം.കെ. മുനീർ എംഎൽഎ. പ്ലസ് വണിന് ആവശ്യമായ സീറ്റില്ലാത്തതിന്റെ പ്രയാസം ഏറ്റവും അധികം അനുഭവിക്കുന്നത് മലബാർ ജില്ലക്കാരാണെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിക്കുന്നതിനായി പഠനം നടത്തിയ കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് ഇന്നും ഫ്രീസറിലാണ്. ഇത് സർക്കാർ പ്രസിദ്ധീകരിക്കണമെന്നും മുനീർ ആവശ്യപ്പെട്ടു. 150ൽ കൂടുതൽ ബാച്ചുകളാണ് മലബാറിന് ഇന്ന് ആവശ്യം. എന്നാൽ 30 ശതമാനം മാർജിനൽ സീറ്റ് വർധനവ് വരുത്തമാമെന്നാണ് സർക്കാർ പറയുന്നത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടിയാണ്. 30 ശതമാനം സീറ്റ് വർധനവുണ്ടായാൽ പോലും ഒരു ക്ലാസിൽ ശരാശരി 75 കുട്ടികൾ പഠിക്കേണ്ടി വരും. ഇത് വിദ്യാർഥികളുടെ പഠനത്തെയും ക്ലാസിന്റെ നടത്തിപ്പിനെയും ബാധിക്കും.
ഇത് മലബാറിനോടുള്ള വെല്ലുവിളിയാണെന്നും ഇവിടെയുള്ള വിദ്യാർഥികൾ കൂടുതൽ സൗകര്യത്തോടെ പഠിക്കേണ്ടെന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും മുനീർ കൂട്ടിച്ചേർത്തു. സർക്കാരിന്റെ ഇത്തരം വിവേചനങ്ങൾക്കെതിരേയാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ രക്ഷിതാക്കളെയും സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താൻ തീരുമാനിച്ചതെന്നും മുനീർ വ്യക്തമാക്കി.