അധ്യയന വർഷത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാകുന്നു
1297151
Wednesday, May 24, 2023 11:59 PM IST
കോഴിക്കോട്: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ജില്ലയൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
ജില്ലയിൽ പാഠപുസ്തക വിതരണം ഇതിനോടകം തന്നെ ഏകദേശം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. മേയ് 31 ന് മുമ്പ് മുപ്പത് ലക്ഷം പുസ്തകങ്ങളും വിതരണം ചെയ്യും. എൻജിഒ ക്വാർട്ടേഴ്സ് എച്ച്എസ് കേന്ദ്രീകരിച്ചാണ് വിതരണം നടക്കുന്നത്.
കുടുംബശ്രീ മുഖേന ഓരോ സ്കൂൾ സൊസൈറ്റികൾക്കും എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. ജില്ലയിലെ 333 സൊസൈറ്റികളിൽ നിന്നായി സ്കൂളുകൾ പുസ്തകം നേരിട്ട് വന്ന് ശേഖരിക്കുന്നു. പാഠ പുസ്തക വിതരണത്തിൽ സംസ്ഥാനത്ത് ജില്ല ഏറ്റവും മുന്നിലാണെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ മനോജ് മണിയൂർ വ്യക്തമാക്കി.
അധ്യാപക പരിശീലനങ്ങൾ ഒരു സ്പെൽ ഇതിനകം പൂർത്തിയായിട്ടുണ്ട്. രണ്ടാം സ്പെൽ ആരംഭിച്ചു. ജില്ലയിലെ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകുകയാണ് ലക്ഷ്യം. വിവിധ ക്ലാസുകളിലേക്കുള്ള പ്രമോഷൻ മേയ് രണ്ടിന് പൂർത്തിയായി.
അഡ്മിഷൻ നടന്നുവരികയാണ്. "എന്റെ കുട്ടി പൊതുവിദ്യാലയത്തിൽ പഠിക്കും', "അധ്യാപകർ വീടുകളിലേക്ക്' ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവമാണ്. 17 ഉപജില്ലകളിലും മൂന്ന് വിദ്യാഭ്യാസ ജില്ലകളിലും പ്രധാനാധ്യാപക യോഗങ്ങൾ പൂർത്തിയായിട്ടുണ്ട്.
ഒരുക്കങ്ങൾ വിലയിരുത്താനുള്ള ജില്ലാ തല പിടിഎ സംഗമങ്ങൾ ഇന്നത്തോടെ പൂർത്തിയാകും. സ്റ്റാഫ് മീറ്റിംഗുകളും എസ്ആർജി യോഗങ്ങളും ചേർന്ന് അക്കാദമിക് മാസ്റ്റർ പ്ലാൻ, മറ്റ് സൂക്ഷ്മതല ആസൂത്രണങ്ങളും നടത്തി. സ്കൂളുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ശുചിമുറികൾ, അടുക്കള, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. സ്കൂളുകളിലേക്കുള്ള വഴി മുതൽ ക്യാമ്പസ് മുഴുവൻ ശുചീകരിക്കുന്നുണ്ട്.
ജല പരിശോധന, കുക്കുമാരുടെ ആരോഗ്യ പരിശോധന, ഡ്രൈവർമാരുടെ ശാരീരിക ക്ഷമത, വാഹനങ്ങളുടെ സാങ്കേതിക ക്ഷമതാ ഉൾപ്പെടെയും ഉറപ്പാക്കുന്നുണ്ട്.
ജൂൺ ഒന്നിന് വിദ്യാർഥികളെ സ്കൂളുകളിലേക്ക് വരവേൽക്കും. ജില്ലാ തല, സബ് ജില്ലാ തല, പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ തല, സ്കൂൾ തല പ്രവേശനോത്സവങ്ങൾ പ്രത്യേകം നടക്കും. ഇതിനായി എല്ലാ വിദ്യാലയങ്ങളിലും സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു.