കൂരാച്ചുണ്ട് ഗ്യാസ് ക്രിമറ്റോറിയം: സൈറ്റ് ബോർഡ് സ്ഥാപിച്ചു
1282724
Friday, March 31, 2023 12:07 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ പതിനൊന്നാം വാർഡ് വട്ടച്ചിറ പൊന്നുണ്ടമലയിലെ സർക്കാർ അനുവദിച്ച പൊതുശ്മശാന ഭൂമിയിലെ നിർദിഷ്ട ഗ്യാസ് ക്രിമറ്റോറിയം നിർമാണത്തിന്റെ ഭാഗമായി അളന്ന് തിട്ടപ്പെടുത്തിയ സ്ഥലത്ത് പഞ്ചായത്ത് സൈറ്റ് ബോർഡ് സ്ഥാപിച്ചു. ക്രമിറ്റോറിയം നിർമിക്കുന്നതിന്റെ ഡിപിആർ തയാറാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തുകയും 1.6 കോടി രൂപയുടെ പ്രൊജക്ടിന്റെ ഡിപിആർ തയാറാക്കി സർക്കാർ അനുമതിക്കായി ഇംപാക്ട് കേരളക്ക് കൈമാറുകയും ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അറിയിച്ചു. പഞ്ചായത്തിന്റെ വാർഷിക ബജറ്റിൽ ഈ പദ്ധതി ഉൾപ്പെടുത്തിയിട്ടുള്ളതായും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റസീന യൂസഫ്, സ്ഥിരം സമിതി അംഗങ്ങളായ ഒ.കെ. അമ്മദ്, ഡാർളി അബ്രാഹം, അംഗങ്ങളായ സണ്ണി പുതിയകുന്നേൽ, അരുൺ ജോസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട, ഒ.ഡി. തോമസ്, എ.കെ. പ്രേമൻ, വി.എസ്. ഹമീദ്, പഞ്ചായത്ത് സെക്രട്ടറി കെ. അബ്ദുറഹീം, ഷിബു കട്ടയ്ക്കൽ, അശോകൻ കുറുങ്ങോട്ട് എന്നിവർ പങ്കെടുത്തു.