രാഹുലിനെ പുറത്താക്കിയാൽ അദാനിയുടെ അഴിമതി മൂടി വയ്ക്കാമെന്ന് ബിജെപി കരുതി: എം.കെ. രാഘവൻ എംപി
1281435
Monday, March 27, 2023 12:27 AM IST
കോഴിക്കോട്: ഇന്ത്യയിൽ പാർലമെന്ററി സിസ്റ്റവും ഭരണഘടനയും തകർക്കാനുള്ള ഗൂഡശ്രമത്തിന്റെ ഭാഗമായാണ് രാഹുൽഗാന്ധിയെ പോലുള്ള എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് എം.കെ. രാഘവൻ എംപി.
ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതാവുകയാണെന്ന രാഹുലിന്റെ വിദേശപ്രസംഗം ശരിയായിരുന്നു എന്നതിനുള്ള ഉത്തമ തെളിവാണ് അദ്ദേഹത്തെ അയോഗ്യനാക്കിയതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് എം.കെ. രാഘവൻ ചൂണ്ടിക്കാട്ടി.
രാഹുൽഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിനെതിരേ രാജ്യവ്യാപകമായി അരങ്ങേറുന്ന സമരങ്ങളുടെ ഭാഗമായി കോഴിക്കോട് കോൺഗ്രസ് ജില്ലാകമ്മറ്റി സംഘടിപ്പിച്ച "അരുത് കാട്ടാളാ' സത്യാഗ്രഹപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർലമെന്റിനെയും ജുഡീഷ്യറിയും ഫെഡറൽ സിസ്റ്റത്തെയും ഭരണഘടനയെയും മതേതര ജനാധിപത്യ സ്വഭാവത്തെയും തകർത്തുകൊണ്ടാണ് ബിജെപി ഭരണം മുന്നോട്ടുപോകുന്നത്. ഏകാധിപത്യ ശൈലി ഇനിയും അനുവദിച്ചു കൊടുക്കാനാവില്ല.
ബിജെപി ഒഴികെ രാജ്യത്തെ കക്ഷികളെല്ലാം കോടതി വിധിക്കും അയോഗ്യതക്കുമെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്. രാജ്യത്ത് പ്രതിപക്ഷ ഐക്യം മുമ്പെങ്ങും ഇല്ലാത്ത വിധംപ്രകടമാവാൻ ഇതു വഴി വച്ചു. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഈ ശക്തി ബാലറ്റിലൂടെ പ്രകടമാകുമെന്നും എം.കെ.രാഘവൻ പറഞ്ഞു. എത്ര കള്ളക്കേസിൽ കുരുക്കി ജയിലിലടച്ചാലും രാഹുൽഗാന്ധിയെ ഇന്ത്യൻ ജനമനസുകളിൽ നിന്ന് തുടച്ചുനീക്കാനാവില്ല. പ്രധാനമന്ത്രിക്കെതിരേ ശബ്ദമുയർത്തുന്ന ആരെയും സംസാരിക്കാൻ അനുവദിക്കില്ല എന്നതാണ് ബിജെപിയുടെ തന്ത്രം. ഭരണപക്ഷം തന്നെ ബഹളം വച്ച് പാർലമെന്റ് സ്തംഭിപ്പിക്കുകയാണ്. ജനാധിപത്യത്തിന്റെ കശാപ്പാണ് പാർലമെന്റിന്റെ ഇരുസഭകളിലും നടക്കുന്നത്. രാഹുലിനെ അയോഗ്യനാക്കിയാൽ അദാനിയുടെ അഴിമതി മൂടിവയ്ക്കാം എന്നാണ് ബിജെപിയും നരേന്ദ്രമോദിയും കരുതുന്നത്. എന്നാൽ രാജ്യമാകെ ജനരോഷം ഉയരുകയും വിഷയം കൂടുതൽ ചർച്ചയാവുകയുമാണ് ചെയ്യുന്നത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ വിഷയം ബിജെപിക്കെതിരേ തിരിച്ചടിക്കുമെന്ന് എം.കെ. രാഘവൻ കൂട്ടിച്ചേർത്തു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, ഡിസിസി മുൻ പ്രസിഡന്റ് കെ.സി. അബു, എൻഎസ് യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.