വേനൽകാലത്ത് പരിശോധന കർശനമാക്കി ഭക്ഷ്യവകുപ്പ്
1280713
Saturday, March 25, 2023 12:39 AM IST
കോഴിക്കോട്: വേനല് ചൂടില് കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്താന് കര്ശന പരിശോധനയുമായി അധികൃതര്. ഓപ്പറേഷന് പ്യുവര് വാട്ടര് എന്ന പേരില് കുപ്പി വെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാന് ഫുഡ് സേഫ്റ്റി കര്ശന പരിശോധന ആരംഭിച്ചു കഴിഞ്ഞു. വേനലില് വെള്ളത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് ഗുണമേന്മയില്ലാത്ത കുപ്പിവെള്ളങ്ങള് വില്പ്പനയ്ക്ക് എത്തുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കുടിവെള്ള കുപ്പികളിലെ ഐഎസ്ഐ മാനദണ്ഡങ്ങള് ഉള്പ്പെടെ ഉറപ്പു വരുത്തുന്നുണ്ട്. വാങ്ങുന്ന കുപ്പികളില് ഉപഭോക്താക്കളും ഐഎസ്ഐ മുദ്ര പരിശോധിക്കണമെന്ന് ഫുഡ് സേഫ്റ്റി അധികൃതര് നിര്ദ്ദേശിക്കുന്നുണ്ട്. ജ്യൂസുകളും പാനീയങ്ങളും നിര്മിക്കുന്നതിന് ശുദ്ധജലവും ശുദ്ധജലത്തില് നിര്മിച്ച ഐസും ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധന നടത്തുന്നുണ്ട്.
കുപ്പിവെള്ളങ്ങള്, പാനീയങ്ങള് എന്നിവ വെയിലേല്ക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്നറിയാനായി വാഹനങ്ങളിലും പരിശോധന കര്ശനമാക്കിയിട്ടുണ്ട്. കച്ചവടക്കാര് കുപ്പിവെള്ളം സൂര്യപ്രകാശം നേരിട്ട് അടിക്കാതെ സൂക്ഷിക്കണം. വെയില് കൊള്ളുന്നരീതിയില് സൂക്ഷിക്കുന്ന കുപ്പിവെളളം ഉപഭോക്താക്കള് ഒഴിവാക്കേണ്ടതാണെന്നും അധികൃതര് മുന്നറിപ്പ് നല്കുന്നുണ്ട്. പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ സാന്പിൾ പരിശോധനകളാണ് നടക്കുന്നത്. ഇത് ജില്ലയിൽ എല്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് സർക്കിളിലും കൃത്യമായി നടക്കുന്നുണ്ട്. സാന്പിൾ ശേഖരിച്ച് മലാപ്പറന്പിലെ ലാബിൽ പരിശോധനയ്ക്ക് അയച്ച ശേഷമാണ് മറ്റു നടപടികളിലേക്ക് കടക്കുക. പരിശോധനയിൽ ഗുണനിലവാരത്തിൽ ഇടിവുണ്ടെന്ന് കണ്ടെത്തിയാൽ നോട്ടീസ് നൽകും. നോട്ടീസിൽ ചൂണ്ടിക്കാട്ടുന്ന കാലയളവിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തുടർ നടപടികളിലേക്ക് നീങ്ങും. വെള്ളത്തിലൂടെ പകരുന്ന സാക്രമിക രോഗങ്ങൾ തടയുന്നതിനാണ് പ്രധാനമായും ഇത്തരം പരിശോധനകൾ ഭക്ഷ്യ വകുപ്പ് നടത്തുന്നത്. ഓരോ ഉത്സവ കാലത്തും ഇത്തരം പരിശോധനകൾ കൃത്യമായി നടക്കാറുണ്ടെന്നും പേരാന്പ്ര സർക്കിൾ ഫൂഡ് സേഫ്റ്റി ഓഫീസർ സി.എ. വിമൽ അറിയിച്ചു.