തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനകൾക്ക് പൂർണ പിന്തുണ: ഇൻഫാം
1280351
Thursday, March 23, 2023 11:40 PM IST
താമരശേരി: കർഷകരുടെ നിലനില്പിനു വേണ്ടി ശബ്ദമുയർത്തിയ തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെയും ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ പ്രസ്താവനകൾക്ക് താമരശേരി കാർഷിക ജില്ലാ ഇൻഫാം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
കാർഷിക ഉത്പന്നങ്ങളുടെ വിലയിടുവുമൂലവും കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലവും നട്ടം തീരുന്ന കർഷകരുടെ പിടിവള്ളിയായിട്ടാണ് പ്രസ്താവനയെ ഇൻഫാം കാണുന്നത്. ഈ പ്രസ്താവനയിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഒന്നുമില്ല.
കർഷക രക്ഷ മാത്രമാണ് ഇവർ ലക്ഷ്യം വച്ചിരിക്കുന്നത്. കർഷകർക്കുവേണ്ടി നിലകൊള്ളാതെ ഇടതു വലതു പക്ഷങ്ങൾ മുതല കണ്ണീരൊഴുക്കുമ്പോൾ കർഷകർ ഇന്ന് നിലയില്ലാ കയത്തിലാണ്. റബറിന് 300 രൂപ നൽകുന്ന ഏത് രാഷ്ട്രീയ പാർട്ടിക്കും വോട്ട് ചെയ്യാമെന്നുള്ള പിതാവിന്റെ പ്രസ്താവനയെ പലരും തെറ്റായി വ്യാഖ്യാനിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ കർഷകരോട് ചിറ്റമ്മ നയം പുലർത്തുമ്പോൾ കർഷകർക്ക് വേണ്ടിയാരും ശബ്ദിക്കാനില്ല എന്നുള്ളത് ഖേദകരമായ വസ്തുതയാണ്. പ്രയാസമനുഭിക്കുന്ന കർഷകരുടെ ശബ്ദമായി മാറിയ പിതാവിന് താമരശേരി കാർഷിക ജില്ല എക്സിക്യൂട്ടീവ് അംഗങ്ങൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
താമരശേരിയിൽ ചേർന്ന ഇൻഫാം താമരശേരി കാർഷിക ജില്ല യോഗത്തിൽ ജില്ലാ ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷനായിരുന്നു.
ജില്ലാ പ്രസിഡന്റ് അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജോൺ കുന്നത്തേട്ട്, ട്രഷറർ ബ്രോണി നമ്പ്യാപറമ്പിൽ, വർക്കിംഗ് സെക്രട്ടറി മാർട്ടിൻ തെങ്ങും തോട്ടത്തിൽ, സെബാസ്റ്റ്യൻ ചേമ്പ്ലാനിയിൽ, സണ്ണി തൈപ്പറമ്പിൽ, തങ്കച്ചൻ കുഴികണ്ടത്തിൽ, തോമസ് പുത്തൻപുരയിൽ, സനി പുള്ളിക്കാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.