വൈദ്യുതി ബില്ല് അടച്ചില്ല; ജനസേവന കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു
1265836
Wednesday, February 8, 2023 12:11 AM IST
കോഴിക്കോട്: വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് കോഴിക്കോട് ജനസേവന കേന്ദ്രത്തിലെ വൈദ്യുതി ഫ്യൂസ് ഊരി. കഴിഞ്ഞ മാസം 31-നാണ് കോഴിക്കോട് സ്റ്റേഡിയം ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ വൈദ്യുതി കണക്ഷൻ കട്ട് ചെയ്തത്.
27-നായിരുന്നു ബില്ല് അടയ്ക്കേണ്ട അവസാനതീയതി. ആദ്യത്തെ രണ്ട് ദിവസം യുപിഎസിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചത്. എന്നാൽ പവർ തീർന്നതോടെ അഞ്ചു ദിവസമായി ജനസേവന കേന്ദ്രം അടഞ്ഞുകിടക്കുകയാണ്. ഐടി മിഷനാണ് ഇതിനായി പണം അനുവദിക്കേണ്ടത്. എന്നാൽ കുടിശിക ഉള്‍പ്പെടെ 8000 രൂപ ഐടി മിഷൻ ഇനിയും അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വൈദ്യുതി വിച്ഛേദിച്ചത്. രണ്ട് കുടുംബശ്രീ ജീവനക്കാര്‍ ഉള്‍പ്പെടെ ഇവിടെ ജോലിക്കുണ്ട്.
പ്രവര്‍ത്തനം നടക്കാത്തതിനാല്‍ ഇവര്‍ ഇപ്പോള്‍ ജോലിക്ക് വരാറുമില്ല. അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ രണ്ടുദിവസം കൊണ്ട് ശരിയാക്കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഒന്നും നടന്നില്ലെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരാകട്ടെ മടങ്ങി പോകുകയാണ്.