സെൻട്രൽ മാർക്കറ്റ് തുറക്കണമെന്ന്
1264403
Friday, February 3, 2023 12:15 AM IST
കോഴിക്കോട്: സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിച്ച കെട്ടിടം തുറന്നു നല്കാന് കോർപറേഷന് നടപടി സ്വീകരിക്കണമെന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റ് മത്സ്യ തൊഴിലാളി യൂണിയന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നവീകരണം കഴിഞ്ഞ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും കെട്ടിടം തുറന്നു നല്കാത്തതിനാല് മാര്‍ക്കറ്റിന് പുറത്ത് സ്റ്റാളിട്ട് മത്സ്യ വില്‍പ്പന തുടരേണ്ട അവസ്ഥയിലാണ് കച്ചവടക്കാർ. 1906ല്‍ മാര്‍ക്കറ്റ് നിർമിച്ച കാലം മുതല്‍ 6.4 വലുപ്പത്തിലുള്ള സ്ലാബുകളാണ് കച്ചവടത്തിനായി ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ കെട്ടിടത്തില്‍ 5.3 ആയി കുറയ്ക്കുകയായിരുന്നു. കെട്ടിടം മൊത്തമായി കോര്പറേഷന് ലേലം ചെയ്യുന്നതിനൊപ്പം മാസത്തില്‍ 2000 രൂപ വാടകയീടാക്കുകയും ചെയ്യുമെന്നതാണ് കച്ചവടക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഇവിടെ നേരത്തേ ഉണ്ടായിരുന്ന കച്ചവടക്കാരെയാണ് നവീകരിച്ച കെട്ടിടത്തിലേക്ക് ആദ്യം മാറ്റേണ്ടത്. അതിനു തയാറാകാതെ സിഐടിയുക്കാരെ ഉള്‍പ്പെടുത്തിയാലേ ഇതു തുറന്നു കൊടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഭാരവാഹികള്‍ വിമര്‍ശിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. എം. രാജന്, ജനറല്‍ സെക്രട്ടറി എ.സി. കുഞ്ഞികോയ, എ.സി. ഫിറോസ്ഖാന് എന്നിവർ പങ്കെടുത്തു.