തകർന്ന റോഡിൽ ശയന പ്രദക്ഷിണവും ഉപവാസവും നടത്തി
1264401
Friday, February 3, 2023 12:15 AM IST
നാദാപുരം: റോഡ് പ്രവൃത്തി പാതി വഴിയിലായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പൊതുമരാമത്ത് വകുപ്പ് നടപടിക്കെതിരേ പ്രതിഷേധ സമരവുമായി നാട്ടുകാർ രംഗത്ത്.
മൂന്ന് വർഷത്തിലേറെയായി തകർന്ന് തരിപ്പണമായി കാൽനട പോലും ദുഷ്ക്കരമായ ചെക്യാട് പാറക്കടവ് റോഡ് പ്രവൃത്തി തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയായെങ്കിലും അഞ്ച് ശതമാനം പോലും പ്രവൃത്തി പൂർത്തിയാക്കാൻ കരാറുകാരന് കഴിഞ്ഞിട്ടില്ല.
രണ്ടോ മൂന്നോ തൊഴിലാളികൾ മാത്രമാണ് ഫിബ്രവരി വരെ നിർമാണ കാലാവധിയുള്ള റോഡിന്റെ പ്രവൃത്തി നടത്തുന്നത്. എന്നാൽ കരാറുകാരനെ ടെർമിനേറ്റ് ചെയ്യാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ പൊതുമരാമത്ത് അധികൃതർ തയാറാകാത്തതിനെ തുടർന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ലേബലില്ലാതെ നാട്ടുകാർ പ്രതിഷേധ സമരവുമായി രംഗത്ത് വന്നത്.
നിരവധി സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച റോഡിൽ തുടർ സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച്ച രാവിലെ എട്ട് മണി മുതൽ പത്ത് മണിക്കൂർ ഉപവാസമാണ് നാട്ടുകാർ നടത്തിയത്. പിന്നാലെ സമരക്കാർ റോഡിൽ ശയന പ്രദക്ഷിണം നടത്തുകയും ചെയ്തു. 1.250 കിലോമീറ്റർ റോഡ് മൂന്ന് കോടി രൂപക്ക് സിപിഎം നേതാവായ കാസർഗോഡ് സ്വദേശിയായ മുഹമ്മദ് കുഞ്ഞ് ആണ് കരാറെടുത്തത്.