"സയന്സ് ഓണ് വീല്സ്' ശാസ്ത്ര വണ്ടി നാളെ പൂനൂര് ഗവ. ഹയര് സെക്കന്ഡറി സ്കൂളില് പ്രദര്ശനത്തിനെത്തും
1263530
Tuesday, January 31, 2023 12:06 AM IST
താമരശേരി: ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സില് സംസ്ഥാനത്താകെ നടത്തുന്ന "സയന്സ് ഓണ് വീല്സ്' പരിശീലനത്തിനും പ്രദര്ശനത്തിനും കോഴിക്കോട് ജില്ലയില് പൂനൂര് ഗവ. ഹയര് സെക്കൻഡറി സ്കൂള് ആതിഥേയത്വം വഹിക്കുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളത്തില് പറഞ്ഞു.
ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത ഒരു സ്കൂളിലാണ് ശാസ്ത്ര പരീക്ഷണങ്ങള്ക്കും പഠനത്തിനും പരിശീലനത്തിനുമുള്ള സാമഗ്രികളുമായി ശാസ്ത്ര വണ്ടിയെത്തുന്നത്.
സ്കൂളിലെത്തുന്ന വാഹനം രണ്ടു ദിവസം സ്കൂളില് ചെലവഴിച്ച് വിദ്യാർഥികള്ക്ക് ശാസ്ത്ര ആശയങ്ങളിലും പരീക്ഷണങ്ങളിലും പരിശീലനവും നല്കും. ഫെബ്രുവരി ഒന്നിനാണ് കോഴിക്കോട് ജില്ലയിലെ പൂനൂര് ഗവ. ഹയര് സെക്കന്ഡറി സ്കൂളില് എത്തിച്ചേരുന്നത്. രണ്ടിന് നടക്കുന്ന എക്സിബിഷന് കാണുന്നതിന് ജില്ലയിലെ വിവിധ ഭാഗങ്ങളില് നിന്നെത്തുന്ന യുപി, ഹൈസ്കൂള് വിദ്യാര്ഥികള്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ജനുവരി 23ന് കാസര്കോട് ബളാന്തോട് ആരംഭിച്ച പരിപാടി മാര്ച്ച് രണ്ടിന് തിരുവനന്തപുരം തോന്നയ്ക്കലിൽ അവസാനിക്കുമെന്നും ഭാരവാഹികള് അറിയിച്ചു. വാര്ത്താ സമ്മേളനത്തില് ഹെഡ്മാസ്റ്റര് എം. മുഹമ്മദ് അഷ്റഫ്, പിടിഎ പ്രസിഡന്റ് ഖൈറുന്നിസ റഹീം, കോഡിനേറ്റര് സിറാജുദ്ദീന് പന്നിക്കോട്ടൂര്, എ.വി. മുഹമ്മദ്, സി.പി. ബിന്ദു, കെ. അബ്ദുല് ലത്തീഫ് എന്നിവര് പങ്കെടുത്തു.