കർഷകരിൽ നിന്നുള്ള ക്ഷേമനിധി പിരിക്കൽ നിർത്തിവയ്ക്കണമെന്ന്
1245524
Sunday, December 4, 2022 12:36 AM IST
ചക്കിട്ടപാറ: ഇരുപത് വർഷങ്ങളിലധികം പഴക്കമുള്ള വീട്ടുടമകളായ കർഷകരിൽ നിന്നും സർക്കാർ ക്ഷേമനിധി പിരിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറി കെ.എം. പോൾസൺ ആവശ്യപ്പെട്ടു.
കർഷകർക്ക് നിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പണമടക്കാനുള്ള ഡിമാൻഡ് നോട്ടീസ് വന്നുകൊണ്ടിരിക്കുകയാണ്. നൂറ് സ്ക്വയർ ഫീറ്റിന് ആയിരം രൂപ എന്ന തോതിലാണിപ്പോൾ നോട്ടീസ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് കരാറുകാർ തൊഴിലാളികളെ കൊണ്ടുവന്ന് പണി പൂർത്തീകരിച്ച വീടുകൾക്ക് ക്ഷേമനിധി പിരിക്കേണ്ടത് പാവപ്പെട്ട കൃഷിക്കാരോടല്ല. ഇപ്പോൾ കാർഷിക മേഖലയിലെ വിലയിടിവും വന്യമൃഗശല്യവും മൂലം ദുരിതത്തിലായ കർഷകർക്ക് നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിർത്തണമെന്നും ക്ഷേമനിധി പിരിക്കൽ അടിയന്തരമായി നിർത്തിവെക്കണമെന്നും കെ.എം.പോൾസൺ ആവശ്യപ്പെട്ടു.