ഉയരങ്ങൾ കീഴടക്കി കരോളിന മാത്യു
1242510
Wednesday, November 23, 2022 12:12 AM IST
കോഴിക്കോട്: ഉയരങ്ങൾ ചാടി കയറി മലയോര മേഖലയുടെ കായിക പാരന്പര്യത്തെ ഉച്ഛസ്ഥായിയിലേക്ക് എത്തിക്കുകയാണ് കരോളിന മാത്യു. റവന്യു ജില്ലാ കായിക മേളയിൽ ജൂണിയർ വിഭാഗം പെൺകുട്ടികളുടെ ഹൈജംപിലാണ് കരോളിന തിളക്കമാർന്ന വിജയം നേടി സ്വർണ മെഡൽ കരസ്ഥമാക്കിയത്.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂൾ പ്ലസ് വൺ ബയോ സൻസ് വിദ്യാർഥിനിയായ കരോളിന മാത്യു കഴിഞ്ഞ നാല് വർഷമായി മലബാർ സ്പോർട്സ് അക്കാഡമിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. കർഷക കുടുംബത്തിലെ അംഗമായ കരോളിന ചെറുപ്പം മുതൽ കായികമേഖലയോടുള്ള അഭിരുചിയെ തുടർന്നാണ് സ്കൂൾ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയത്.
കോവിഡ് മഹാമാരി കഴിഞ്ഞ രണ്ടു വർഷം കവർന്നതിനാൽ മുൻ വർഷങ്ങളിലെ സ്കൂൾ കായികമേളയിൽ പങ്കെടുക്കാനോ മെഡലുകൾ നേടാനോ അവസരമുണ്ടായിരുന്നില്ല. അതേസമയം 2021ലെ അമച്വർ മീറ്റ് അണ്ടർ 15ൽ സംസ്ഥാന റിക്കാർഡോടൊണ് ട്രാക്കിൽ നിന്ന് മടങ്ങിയത്. അന്ന് 1.64 മീറ്റർ ഉയരമാണ് ഈ മിടുക്കി കീഴടക്കിയത്. എങ്കിലും ഇത്തവണ വിജയം മനസിൽ ഉറപ്പിച്ച് തന്നെയാണ് കരോളിന മേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. വലിയ മത്സരം എന്ന രീതിയിൽ രണ്ടു വർഷമായി ട്രാക്കുകൾ ലഭിക്കാത്തതിന്റെ പരിചയക്കുറവുണ്ടായിരുന്നെങ്കിലും തന്റെ പ്രകടനത്തിന് അതൊന്നും തടസമായില്ല. പുല്ലൂരാംപാറ സെന്റ് ജോസ്ഫ്സ് സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപിക ജോളിയുടെയും കർഷകനായ മാത്യുവിന്റെയും മകളാണ്.