കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം
1227642
Thursday, October 6, 2022 12:05 AM IST
ചക്കിട്ടപാറ: യാത്രാക്ലേശം നേരിടുന്ന മലയോര മേഖലകളായ ചെമ്പനോട, മുതുകാട് പ്രദേശങ്ങളിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം.
ഒട്ടനവധി ബസുകൾ സർവീസ് നടത്തിയിരുന്ന ഈ പ്രദേശങ്ങളിൽ ബസുകൾ സർവീസ് നിർത്തിയതോടെ ഒട്ടനവധിപ്പേരാണ് ഇപ്പോൾ യാത്രാക്ലേശം അനുഭവിക്കുന്നത്.
പഞ്ചായത്തിലെ നാല് വാർഡുകൾ ഉൾപ്പെടുന്നതും പട്ടികജാതി -പട്ടികവർഗ കോളനികളിൽ അടക്കമുള്ളവർ തിങ്ങിപാർക്കുന്ന പ്രദേശമാണ് മുതുകാട്. എന്നാൽ രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മറ്റും പോകാൻ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്.
വർഷങ്ങൾ മുമ്പ് ഇവിടെ നിന്നും കെഎസ്ആർടിസി ബസ് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്നു.എന്നാൽ കാലക്രമേണ സർവീസ് നിലച്ചു. ചെമ്പനോട, പൂഴിത്തോട് പ്രദേശങ്ങളും ബസ് സർവീസ് ഇല്ലാതെ യാത്രാക്ലേശം അനുഭവിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണാൻ രാവിലെ മുതുകാട് നിന്നും വൈകിട്ട് കോഴിക്കോട് നിന്നും പുതിയ ബസ് സർവീസ് നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് അധികൃതർക്ക് നിവേദനം നൽകിയതായും അറിയിച്ചു.