പെരുന്തുരുത്തി നടപ്പാലം പുനർനിർമിക്കും
1224040
Saturday, September 24, 2022 12:04 AM IST
കോഴിക്കോട്: മംഗലപ്പുഴയിൽ ഉൾനാടൻ ജലപാതക്ക് തടസമായി നിൽക്കുന്ന പെരുന്തുരുത്തി നടപ്പാലം പുനർനിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പുഴയിൽ എത്ര ആഴത്തിൽ പാറയുണ്ടെന്ന് കണ്ടെത്തുന്നതിന് ജലസേചനവകുപ്പ് മണ്ണുപരിശോധന നടത്തി. പാലത്തിനുസമീപം പുഴയിൽ കുഴൽകിണർ കുഴിക്കുന്ന യന്ത്രമുപയോഗിച്ച് ചെറുകുഴികൾ ഉണ്ടാക്കിയാണ് പരിശോധന. മംഗലപ്പുഴക്ക് കുറുകെ 40 വർഷം പഴക്കുമുള്ള പാലം മൂന്നുവർഷംമുമ്പാണ് കോർപറേഷൻ പൊളിച്ചുമാറ്റിയത്.
ഇവിടെ 28 ലക്ഷം രൂപ ചെലവഴിച്ചാണ്് അന്ന് പാലം പുനർനിർമിച്ചത്. പുഴയിൽനിന്ന് ആറ് മീറ്റർ ഉയരത്തിലാവും പുതിയ പാലം.
50 മീറ്റർ ഇടവിട്ടാണ് തൂണുകൾ സ്ഥാപിക്കുക. വേണ്ടിവന്നാൽ 25 മീറ്ററിലേക്ക് കുറച്ചേക്കും. പരിശോധന പൂർത്തിയായാൽ പുതിയ പാലത്തിനുള്ള റിപ്പോർട്ട് തയാറാക്കി ഉൾനാടൻ ജലപാതാവിഭാഗത്തിന് കൈമാറും. ഉൾനാടൻ ജലപാതാവിഭാഗമാണ് പദ്ധതിക്കായി എസ്റ്റിമേറ്റ് തയാറാക്കി ഫണ്ട് അനുവദിക്കുക.
ഇപ്പോഴുള്ള പാലം ബോട്ട് ഗതാഗതത്തിന് തടസമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ പാലം വേണ്ടിവരുന്നത്. പാലം പൊളിക്കുമ്പോൾ പൈപ്പ് മാറ്റുന്നതിനാൽ അയ്യായിരം കുടുംബങ്ങളുടെ കുടിവെള്ളം തടസപ്പെടുമെന്ന ആശങ്കയെ തുടർന്ന് കോർപറേഷൻ കൂടിയാലോചന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ആശങ്കവേണ്ടെന്നും കുടിവെള്ള പൈപ്പ് കടന്നുപോവുന്നതിന് സൗകര്യമൊരുക്കിയശേഷമേ പാലം പൊളിക്കൂ എന്നും ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.