എസ്ഐക്ക് നേരേ അക്രമം; അഞ്ച് പിഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
1224033
Saturday, September 24, 2022 12:04 AM IST
നാദാപുരം: നാദാപുരം എസ്ഐയ്ക്ക് നേരെയുണ്ടായ കൈയേറ്റവുമായി ബന്ധപ്പെട്ട് അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ.നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ പേരോട് ടൗണിൽ വാഹനങ്ങൾ തടഞ്ഞ പിഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനെത്തിയ നാദാപുരം എസ്ഐ ആർ.എൻ പ്രശാന്തിനെ അക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് പേരോട് യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേരെ നാദാപുരം സിഐ കെ.ആർ.രഞ്ജിത്ത് അറസ്റ്റ് ചെയ്തത്.
പേരോട് യൂണിറ്റ് സെക്രട്ടറി അബ്ദുൾ ഹക്കീം (32), ചെറിയ തുണ്ടിയിൽ അഷ്ക്കർ (38), വെള്ളോളി റാഷിദ് (38), കോരച്ചാം വീട്ടിൽ ബഷീർ (45 ), പീറ്റയിൽ റിയാസ് (39) എന്നിവരാണ് അറസ്റ്റിലായത്. രാവിലെ 10 നാണ് സംഭവം.
പേരോട് ടൗണിൽ പ്രവർത്തകർ വാഹനങ്ങൾ തടയുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ എസ്ഐയുടെ യൂണിഫോമിലെ നെയിം ബോർഡ് പറിച്ചെടുക്കുകയും കൈയേറ്റ ചെയ്യുകയുമായിരുന്നു. കൂടുതൽ പോലീസ് എത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി.