പെരുവണ്ണാമൂഴി: പൂഴിത്തോട്, മാവട്ടം, കരിങ്കണ്ണി, താളിപാറ, രണ്ടാംചീളി എന്നീ പ്രദേശങ്ങളിലെ ഭൂമി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വനംവകുപ്പ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷനിൽ ടി.പി. രാമകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഉന്നത വനം ഉദ്യോഗസ്ഥരുടെ റീജനൽ മീറ്റിംഗ് ചേർന്നു.
ഇതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയ 126 കുടുംബങ്ങളുടെ 200 ഏക്കർ ഭൂമി അക്വിസിഷൻ നടത്തി നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി.
നികുതി ചീട്ട് മാത്രമുള്ള ഭൂവുടമകളോട് അപേക്ഷ വാങ്ങി കളക്ടറുടെ മുമ്പാകെ ജോയിന്റ് മീറ്റിംഗ് നടത്തി അവരുടെ ഭൂമി ഏറ്റെടുത്ത് അവർക്കുകൂടി നഷ്ടപരിഹാരം നൽകുന്നതിനും, ആധാരം മാത്രമുള്ളവർക്ക് ആധാരം മാത്രം വച്ച് ഭൂമി രജിസ്റ്റർ ചെയ്ത് വാങ്ങി നഷ്ടപരിഹാരം നൽകാനും, പട്ടയം മാത്രം ഉള്ള ഭൂമി പട്ടയം വച്ച് ആധാരം ചെയ്ത് വാങ്ങി നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചു.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, സിസിസിഎഫ് നോർത്തേൺ സർക്കിൾ ഡി.കെ. വിനോദ് കുമാർ, ഡിഎഫ്ഒ എം. രാജീവൻ, ഡിസിഎഫ് നോഡൽ ഓഫീസർ സാബി വർഗീസ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശശി, വില്ലേജ് ഓഫീസർ അബ്ദുൾ സലാം, ഡെപ്യൂട്ടി തഹസിൽദാർ സി.പി. മുരളി, സബ് രജിസ്ട്രാർ ഇ.കെ. ഷമീർ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. ബിജു, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ഇ. ബൈജു നാഥ്, തോമസ് സെബാസ്റ്റ്യൻ, പവിത്രൻ എന്നിവർ പങ്കെടുത്തു.