കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ്, കോങ്ങോട്, പാമ്പൻകോട് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ഒറ്റയാനിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു.
കുനിയിൽ രാമദാസ്, പുതുക്കുളങ്ങര മിനി, ജോബിൻ പുതുക്കുളങ്ങര, ആലക്കൽ ജോസ്, സി ജോ മഠത്തിനാട്ട്, സണ്ണി മഠത്തിനാട്ട്, സജി എന്നിവരുടെ കൃഷിഭൂമിയിലെ തെങ്ങ് കവുങ്ങ്, കാപ്പി, റബർ, വാഴ തുടങ്ങിയ കാർഷിക വിളകളാണ് ഒറ്റപ്പെട്ട് എത്തിയ കാട്ടാന ചവിട്ടിമെതിച്ചത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കുടുംബശ്രീയിൽ നിന്നും മറ്റും പണം കടമെടുത്താണ് കർഷകർ കൃഷി ചെയ്തത്, പുതുകുളങ്ങര മിനിയുടെ വീടിനോട് ചേർന്ന വിറക്പുരയ്ക്ക് അരികിലാണ് കാട്ടാന എത്തിയത്.
ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന എത്തിയതിനാൽ പ്രദേശവാസികൾ ഏറെ ഭയാശങ്കയിലാണ്. ബന്ധപെട്ടവനം വകുപ്പ് അധികാരികൾ മലയോര മേഖലയിലെ കർഷകരുടെ ജീവനും സ്വത്തിന്ന് ആവശ്യമായ സംരക്ഷണം നൽകണമെന്ന് മരുതോങ്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഡെന്നീസ് പെരുവേലിയിൽ പറഞ്ഞു.
നാദാപുരം: വിലങ്ങാട് വായാട് വീണ്ടും ആനകളിറങ്ങി കൃഷി നശിപ്പിച്ചു. കൃഷി നാശം കാണാൻ പറമ്പിലെത്തെത്തിയ വീട്ടമ്മ ബോധം കെട്ട് വീണു. വായാട് തറപ്പേൽ മാത്യു, കൂലിപ്പറമ്പിൽ തങ്കച്ചൻ എന്നിവരുടെ കൃഷിയിടത്തിലാണ് ആനകളിറങ്ങി കൃഷി നശിപ്പിച്ചത്.
പത്തോളം തെങ്ങുകൾ, 200 ഓളം വാഴ,100 കമുകുകൾ, കശുമാവ് എന്നിവയാണ് ആനകൾ നശിപ്പിച്ചത്. കൃഷിയിടത്തിൽ ആനയിറങ്ങിയത് അറിഞ്ഞ് എത്തിയ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (60) കൃഷിയിടത്തിൽ തലകറങ്ങി വീണു. നാട്ടുകാർ വീട്ടമ്മയെ നാദാപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികത്സയ്ക്ക് ശേഷം വീട്ടമ്മ ആശുപത്രി വിട്ടു. വയനാട് പേര്യ വനത്തിൽ നിന്നാണ് ആനകൾ കൃഷിയിടത്തിലിറങ്ങിയത്. അഞ്ചിലേറെ ആനകളാണ് കൃഷി നാശം വരുത്തിയതെന്ന് കർഷകർ പറഞ്ഞു. രണ്ടഴ്ച്ചയിലേറെയായി വിലങ്ങാട് മേഖലയിൽ ആനക്കൂട്ടം സർവ നാശം വിതക്കുകയാണ്. കണ്ണവം വനത്തിൽ നിന്നും ആനകൾ കൃഷിയിടത്തിലിറങ്ങുന്നത് പതിവായിട്ടുണ്ട്. ലക്ഷങ്ങളുടെ കൃഷി നാശമാണ് ഈ മേഖലയിൽ കർഷകർക്കുണ്ടായത്. മുപ്പതിലേറെ കുടുംബങ്ങൾ അധിവസിക്കുന്ന മേഖലയിലാണ് ഇന്നലെ കാട്ടാനകളിറങ്ങിയത്. വനം വകുപ്പിന്റെ അനാസ്ഥക്കെതിരേ പ്രതിഷേധത്തിനൊരുങ്ങുകയാണ് കർഷകർ.