പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി അണക്കെട്ടിനു വേണ്ടി നടക്കുന്ന സപ്പോർട്ട് ഡാം നിർമാണത്തിന്റെ പേരിൽ തടസപ്പെട്ട പ്രാദേശിക കുടിവെള്ള വിതരണം ഇന്നു പുന:രാരംഭിക്കും.
ബദൽ സംവിധാനമായിജപ്പാൻ പദ്ധതി പൈപ്പിൽ നിന്നു പ്രാദേശിക കുടിവെള്ള വിതരണ സംഭരണിയിലേക്ക് ജലം തിരിച്ചു വിടാനുള്ള പണി ഇന്നലെ വൈകീട്ടു പൂർത്തിയാക്കി. കോഴിക്കോട്ടേക്ക് വെള്ളം കൊണ്ടു പോകുന്ന പൈപ്പിൽ വൈകുന്നേരം ഏഴോടെ പമ്പിംഗ് തുടങ്ങി. ഇന്നലെ പുലർച്ചെ അഞ്ചോടെ ജപ്പാൻ പദ്ധതി പ്രധാന ടാങ്ക് പൂട്ടി.
പൈപ്പിലുള്ള ജലം പരമാവധി താഴ്ന്ന ശേഷം കാലത്ത് എട്ടോടെയാണ് പ്രാദേശിക ടാങ്കിലേക്ക് വെള്ളം ഒഴുക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. വാട്ടർ അഥോറിറ്റി ഡിവിഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ പി.സി. ബിജു, ഉദ്യോഗസ്ഥരായ പി. രവീന്ദ്രൻ, കെ. മോഹനൻ, പി.കെ. മുഹമ്മദ് റിയാസ്, സി.പി. സത്യൻ, പി. ബിനോജ് കുമാർ, ടി. സുബിൽ, ടി.വി. സുധീർ കുമാർ, പി. അനൂപ് എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
ജപ്പാൻ പദ്ധതിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണ ശാലയിലെ അറ്റകുറ്റപ്പണിയും ഇന്നലെ ഇതോടൊപ്പം നടത്തി. കോഴിക്കോട് കോർപറേഷൻ, തലക്കുളത്തൂർ, കടലുണ്ടി, ഫറോക്ക്, ചേളന്നൂർ, കക്കോടി, കാക്കൂർ, ബാലുശേരി, നന്മണ്ട, നരിക്കുനി, കുരുവട്ടൂർ, കുന്നമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലും കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലും ഇതിന്റെ പേരിൽ കുടിവെള്ള വിതരണം നിർത്തി വെച്ചു.