തിരുവമ്പാടി: സാംസ്കാരിക സംഘടനയായ ആവാസിന്റെ വിദ്യാർഥി വിഭാഗമായ ആവാസ് വിദ്യാർഥി വേദിയുടെ നേതൃത്വത്തിൽ 101 വികസന നിർദ്ദേശങ്ങളടങ്ങിയ നിവേദനം തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് ഭരണ സാരഥികളായ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിനും വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാനും ആവാസ് വിദ്യാർഥിവേദി ചെയർമാൻ നന്ദു നാരായണൻ, കൺവീനർമാരായ അനാമിക ബിജു, ഫാത്തിമ ഫഹ്മി എന്നിവരുടെ നേതൃത്വത്തിൽ കൈമാറി.
കാർഷിക രംഗത്തെ വികസനം, യുവജന കൂട്ടായ്മയിൽ പുതുസംരംഭങ്ങൾ തുടങ്ങൽ, മുതിർന്ന പൗരന്മാർക്കുള്ള വികസനപദ്ധതികൾ, ടൂറിസം മേഖലാവികസനം, സ്ത്രീ സംരംഭങ്ങളുടെ ആരംഭം, പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളുടെ വികസനം, തിരുവമ്പാടി ടൗൺ സൗന്ദര്യവൽക്കരണ പദ്ധതികൾ, ജലസംരക്ഷണ പരിപാടികൾ, ഇരവഴിഞ്ഞി പുഴ സംരക്ഷണം, പരിസ്ഥിതിസംരക്ഷണ പദ്ധതികൾ, സാംസ്കാരികവളർച്ചക്കായി ലൈബ്രറി വികസന പദ്ധതികൾ, തൊഴിലാളി ബാങ്ക് രൂപീകരണം, ശുചിത്വ പദ്ധതികൾ, കായിക മേഖലാ വികസനം, എന്നീ മേഖലകളെല്ലാം ചേർത്തുള്ള സമഗ്ര വികസന നിർദ്ദേശങ്ങളാണ് വിദ്യാർഥികൾ പഞ്ചായത്ത് ഭരണാധികാരികൾക്ക് സമർപ്പിച്ചിരിക്കുന്നത്.
പരിപാടി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ആവാസ് ചെയർ പേഴ്സൺ ശിൽപ സുന്ദർ അധ്യക്ഷയായിരുന്നു. ജിഷി പട്ടയിൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ആവാസ് ഭാരവാഹികളായ എ.എം. ബിന്ദുകുമാരി, പി.ബി. ഷാഗിൻ, നാരായണൻ നമ്പൂതിരി, കവി സോമനാഥൻ കുട്ടത്ത്, മിനി രാജു, രമണി പീതാംബരൻ, വിദ്യാർഥി വേദി ഭാരവാഹികളായ കെ.ആർ. ഹരിബാബു, നവീൻ രാജ്, സൗമ്യസുരേഷ് എന്നിവർ പ്രസംഗിച്ചു.