എടക്കര: കുടുംബശ്രീ രംഗത്തെ പ്രവർത്തനം പഠിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ അഞ്ചംഗ കേന്ദ്രപഠന സംഘം മൂത്തേടം പഞ്ചായത്തിലെത്തി. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്തുകളിൽ കുടുംബശ്രീ രംഗത്തെ ഇടപെടലുകൾ പഠിക്കാനാണ് കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ സംഘമെത്തിയത്. ദാരിദ്ര്യ നിർമാർജന രംഗത്ത് കുടുംബശ്രീ നടത്തുന്ന ഇടപെടലും, സാമൂഹിക മാറ്റവുമാണ് സംഘം പഠന വിധേയമാക്കിയത്.നവംബർ 15ന് മൂത്തേടം പഞ്ചായത്തിലെത്തിയ ടീം ഏഴ് ദിവസത്തെ സന്ദർശനത്തിന് ശേഷം 24 നാണ് മടങ്ങിയത്.
പഞ്ചായത്ത് സെക്രട്ടറി, അസി സെക്രട്ടറി, ജനപ്രതിനിധികൾ, സിഡിഎസ് പ്രസിഡന്റ്, എഡിഎസ് ചെയർപേഴ്സണ്മാർ എന്നിവരേയും, പഞ്ചായത്തിന് വിട്ടു കിട്ടിയ സ്ഥാപന മേധാവികളുമായും സംഘം സംസാരിച്ച് പ്രവർത്തന രീതി പഠന വിധേയമാക്കി. മൂത്തേടം പഞ്ചായത്ത് കുടുംബശ്രീയുടെ സിഡിഎസ് മീറ്റിംഗിലും സംഘങ്ങൾ പങ്കെടുത്തു. ബഡ്സ് സ്കൂൾ, കൃഷി ഓഫീസ്, ചോളമുണ്ട ഗവ.എൽപി സ്കൂൾ, കുടുംബ ആരോഗ്യ കേന്ദ്രം, മൃഗാശുപത്രി എന്നിവ സന്ദർശിച്ച് സ്ഥാപന മേധാവികളുമായി പ്രവർത്തനങ്ങൾ പഠന വിധേയമാക്കി.
ട്രൈബൽ കോളനികളിലെ അയൽക്കൂട്ടം, പ്രവർത്തന രീതി, എഡിഎസ് യോഗങ്ങൾ, കുടുംബശ്രീ സംരഭങ്ങൾ, ന്യൂട്രിമിക്സ് യൂണിറ്റ് എന്നിവ സംഘം സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന, സാമൂഹിക രംഗത്തെ ഇടപെടൽ ത്രിതല പഞ്ചായത്ത് സംവിധാനവും, കുടുംബശ്രീ സംവിധാനവും വഴി നടപ്പാക്കുന്നതാണ് കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് കാരണമെന്നതാണ് സംഘത്തിന്റെ വിലയിരുത്തൽ.
കുടുംബശ്രീ ജില്ല പ്രവർത്തകരായ ടി.എം.ഉഷ, ജില്ലാ പ്രോഗ്രാം മാനേജർ റിജേഷ്, മൂത്തേടം സിഡിഎസ് പ്രസിഡന്റ് സബ്ന ഷാനവാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.