നിർദേശങ്ങൾ ലംഘിച്ചിറങ്ങിയ യുവാവിന്‍റെ പരിശോധന ഫലം പോസിറ്റീവ്
Friday, July 31, 2020 11:44 PM IST
പാണ്ടിക്കാട്: ക്വാറന്‍റൈൻ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ വെള്ളുവങ്ങാട് പറന്പൻപൂള സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗബാധ സ്ഥിരികരിച്ച യുവാവുമായി അടുത്തിടപഴകിയ ഇരുപത്തിയാറുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം പാണ്ടിക്കാട് ടൗണിലെ ടെക്സ്റ്റെയിൽസുകളിൽ വസ്ത്രം വാങ്ങാൻ എത്തിയതായാണ് വിവരം.
ഇതര സംസ്ഥാനത്തു നിന്നെത്തിയ ലോറി ഡ്രൈവറിൽ നിന്നു നേരത്തെ രോഗം ബാധിച്ച യുവാവുമായി അടുത്ത് ഇടപഴകിയ പറന്പൻപൂള സ്വദേശിയായ യുവാവിനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ പാലിച്ച് ഇദ്ദേഹം ക്വാറന്‍റൈനിലായിരുന്നെങ്കിലും മറ്റുള്ളവരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവായതോടെ ഇദ്ദേഹം ഇതു ലംഘിച്ച് പുറത്തിറങ്ങുകയാണ് ഉണ്ടായത്. ഇന്നലെ വന്ന ഇദ്ദേഹത്തിന്‍റെ പരിശോധന ഫലം പോസിറ്റീവാണ്. പാണ്ടിക്കാട് ടൗണിലേതുൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ രോഗബാധിതനായ ആൾ എത്തിയിട്ടുണ്ടന്നാണ് ആരോഗ്യ വകുപ്പിനു ലഭിച്ച വിവരം. ഇതു കൂടുതൽ ആശങ്കയ്ക്കു ഇടയാക്കുന്നു.