ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
1545094
Thursday, April 24, 2025 10:41 PM IST
വേങ്ങര: പറപ്പൂർ ഇരിങ്ങല്ലൂർ വൈദ്യർപടിയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു. ബുധനാഴ്ച രാത്രി 11.30നാണ് അപകടം.
ഇരിങ്ങല്ലൂർ കുറ്റിത്തറ അയ്യപ്പൻകാവിന് സമീപം കുറിഞ്ഞിക്കാട്ടിൽ ബാലസുബ്രഹ്മണ്യന്റെ മകൻ ശരത്ത് ബാബു (20), കോട്ടക്കൽ വെസ്റ്റ് വില്ലൂർ സ്വദേശി തൈവളപ്പിൽ കുഞ്ഞാലൻ കുട്ടിയുടെ മകൻ ജാസിം അലി (19) എന്നിവരാണ് മരിച്ചത്. ശരത്തിന്റെ വീട്ടിൽ നിന്ന് ചീനിപ്പടിയിലേക്ക് വരുന്നതിനിടെ വൈദ്യർപടി ജംഗ്ഷനിൽ വച്ച് മീൻ കയറ്റി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
തിരൂരിൽ ഐടിഐ വിദ്യാർഥിയാണ് ശരത്ത് ബാബു. ജാസിം അലി ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർഥിയാണ്. വ്യാഴാഴ്ച ബംഗളൂരുവിലേക്ക് തിരിച്ച് പോകാനിരിക്കെ ശരത്ത് ബാബുവിനെ കാണാൻ ഇരിങ്ങല്ലൂരിലെത്തിയതാണ് ജാസിം അലി. ജാസിം അലിയുടെ മൃതദേഹം വില്ലൂരിലേക്ക് കൊണ്ടുപോയി.
ശരത്ത് ബാബുവിന്റെ മൃതദേഹം ഇരിങ്ങല്ലൂരിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാരത്തിനായി അമ്മയുടെ നാടായ പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയി. ശരത്ത് ബാബുവിന്റെ അമ്മ: സുജ. സഹോദരങ്ങൾ: ആതിര, ആദിത്യ. ജാസിം അലിയുടെ മാതാവ് ജുമൈല. സഹോദരങ്ങൾ:ജുമാന, അഫ്നാൻ.