ചങ്ങരംകുളത്ത് വഴിയോരത്തെ അനധികൃത കച്ചവടങ്ങൾ നീക്കം ചെയ്തു
1545018
Thursday, April 24, 2025 5:23 AM IST
ചങ്ങരംകുളം:തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് വഴിയോര കച്ചവടങ്ങൾ നീക്കം ചെയ്യൽ ആരംഭിച്ചു. ചങ്ങരംകുളം മേഖലയിൽ പ്രവർത്തിച്ചിരുന്ന വഴിയോര കച്ചവടങ്ങളും അനധികൃത ഷെഡുകളുമാണ് ഉദ്യോഗസ്ഥർ ഇന്നലെ പൊളിച്ചുമാറ്റി തുടങ്ങിയത്.
ചങ്ങരംകുളം പോലീസും ആലംകോട് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും സംയുക്തമായാണ് റോഡരികിലെ അനധികൃത ഷെഡുകളും വഴിയോര കച്ചവടങ്ങളും നീക്കം ചെയ്യുന്നത്. പിഡബ്ലിയുഡി എക്സിക്യുട്ടീവ് എൻജിനീയറുടെ നിർദേശ പ്രകാരമാണ് പൊന്നാനി സെക്ഷൻ വിഭാഗം നടപടിക്കിറങ്ങിയത്. പന്താവൂർ കാളാച്ചാൽ ഭാഗങ്ങളിൽ ഷെഡുകൾ പൊളിച്ചുമാറ്റി തുടങ്ങിയതോടെ പ്രദേശത്തെ വഴിയോര കച്ചവടക്കാർ സംഘടിച്ചെത്തി നടപടിക്കെതിരെ രംഗത്തെത്തിയത് ചെറിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
എന്നാൽ നടപടിയുമായി മുന്നോട്ട് പോകാൻ ഉദ്യോഗസ്ഥർ നിർദേശം നൽകിയതോടെ പ്രതിഷേധക്കാർ പിൻമാറുകയായിരുന്നു. വഴിയോര കച്ചവടങ്ങൾ നീക്കം ചെയ്യാൻ ഒരാഴ്ച മുന്പ് നോട്ടീസ് നൽകിയതായും വരും ദിവസങ്ങളിൽ സംസ്ഥാന പാതയിൽ കോലിക്കര വരെയുള്ള ഭാഗങ്ങളിലും നടപടി തുടരുമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ശക്തമായ പോലീസ് സാന്നിധ്യത്തിലാണ് ഒഴിപ്പിക്കൽ നടപടി തുടരുന്നത്.