കളക്ടർ മുന്നിട്ടിറങ്ങി; സിവിൽ സ്റ്റേഷനും പരിസരവും ക്ലീൻ
1536069
Monday, March 24, 2025 5:59 AM IST
മലപ്പുറം: സിവിൽ സ്റ്റേഷനും പരിസരവും ശുചീകരിക്കാൻ മുന്നിട്ടിറങ്ങി കളക്ടർ വി.ആർ. വിനോദ്. അവധിദിനമായിരുന്ന ഇന്നലെ നിരവധി പേരാണ് ശുചീകരണത്തിന് എത്തിയത്. ചപ്പും ചവറും മാലിന്യങ്ങളും നീക്കി ശുചീകരണത്തിന് കളക്ടർ തുടക്കമിട്ടു.
"നവകേരളം, വൃത്തിയുള്ള കേരളം; വലിച്ചെറിയൽ മുക്തകേരളം’ കാന്പയിന്റെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനത്തിനാണ് ജില്ലാ കളക്ടർ നേതൃത്വം നൽകിയത്. ശുചീകരണ പ്രവർത്തനങ്ങൾ ഇടക്കിടെ നടത്താനും ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും കളക്ടർ പറഞ്ഞു.
എല്ലാ ജീവനക്കാരും ഓഫീസുകളും സിവിൽ സ്റ്റേഷൻ പരിസരവും വൃത്തിയാക്കി. ഹരിതകർമസേന, നഗരസഭ, ട്രോമാകെയർ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം.