നിലന്പൂർ ബൈപാസ് യാഥാർഥ്യമാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1536063
Monday, March 24, 2025 5:55 AM IST
നിലന്പൂർ: നിലന്പൂർ, വണ്ടൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കുതിരപ്പുഴയ്ക്ക് കുറുകെ 10.90 കോടി രൂപ ചെലവിൽ നിർമിച്ച തൃക്കൈക്കുത്ത് പാലവും അപ്രോച്ച് റോഡും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
നിലന്പൂർ ബൈപാസ് യാഥാർഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ധനകാര്യവകുപ്പുമായി ചർച്ചകൾ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. നിലന്പൂർ ടൗണ്‍ നവീകരണത്തിന്റെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി നഗരത്തിലെ ഏറ്റവും വീതി കുറഞ്ഞ ജ്യോതിപ്പടി മുതൽ ജനതപ്പടി വരെ റോഡിന് ഇരുവശവും അഞ്ചു കോടി രൂപ ചെലവഴിച്ച് വീതി കൂട്ടിയ പാതയുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
130 മീറ്റർ നീളം വരുന്ന തൃക്കൈക്കുത്ത് പാലത്തിന് അഞ്ച് സ്പാനുകളാണുള്ളത്. 7.5 മീറ്റർ വീതിയുള്ള ക്യാരിയേജ് വേയും 1.50 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും രണ്ട് ഫുട്പാത്തുകളും കൂടി 11 മീറ്റർ വീതിയുണ്ട്. തൃക്കൈക്കുത്ത് ഭാഗത്തെ അപ്രോച്ച് റോഡിന് 160 മീറ്റർ നീളവും നിലന്പൂർ ഭാഗത്ത് 140 മീറ്റർ നീളവുമാണള്ളത്. പാലം യാഥാർഥ്യമായതോടെ നിലന്പൂർ, വണ്ടൂർ മണ്ഡലങ്ങളില ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്കർ അലി, മന്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് ടി.പി. ഉമൈമത്ത്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്കറിയ ക്നാംതോപ്പിൽ, കൗണ്‍സിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അയ്യപ്പൻ, ജോർജ് തോമസ്, പരുന്തൻ നൗഷാദ്, ടോമി ചെഞ്ചേരി, മുജീബ് റഹ്മാൻ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.