പൂരാഘോഷത്തിനിടെ വെടിവയ്പ്; ഏഴ് പേർ അറസ്റ്റിൽ
1536042
Monday, March 24, 2025 5:26 AM IST
പാണ്ടിക്കാട് :മലപ്പുറം ജില്ലയിലെ ചെന്പ്രശേരി കൊറത്തി തൊടിയിലെ പൂരാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഏഴ് പേർ പാണ്ടിക്കാട് പോലീസിന്റെ പിടിയിൽ.
വെടിവയ്പ് സമയത്തുൾപ്പെടെ സംഘർഷത്തിൽ ഏർപ്പെട്ട ഏഴ് പേരെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി. പ്രകാശനും സംഘവും അറസ്റ്റ് ചെയ്തത്. അതേസമയം, വെടിയുതിർത്ത മുഖ്യപ്രതി അടക്കം നാല് പേർ ഒളിവിലാണ്.
വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് കൊറത്തി തൊടിയിൽ പൂരാഘോഷവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായത്. ആദ്യം കൈയാങ്കളിയും പിന്നീട് കല്ലേറുമുണ്ടായി. തുടർന്ന് എയർഗണ്‍ ഉപയോഗിച്ചുള്ള വെടിവയ്പിലാണ് കലാശിച്ചത്.
വെടിയേറ്റ ചെന്പ്രശേരി സ്വദേശി വെള്ളേങ്ങര ലുഖ്മാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തിൽ ഏർപ്പെട്ട കൊടശേരി സ്വദേശികളായ തോരൻ സുനീർ (39), ആനക്കോട്ടിൽ വിജു (27), തോട്ടുങ്ങൽ അരുണ്‍ പ്രസാദ്(25), ചുള്ളിക്കുളവൻ ഷംനാൻ(25), മാനീരിപ്പറന്പൻ ബൈജു (22), കാരക്കോടൻ സനൂപ് (24), ആനക്കോട്ടിൽ സുമിത്(24) എന്നിവരെയാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുന്‍പ് പുളിവെട്ടിക്കാവ് ക്ഷേത്രത്തിൽ നടന്ന പൂരാഘോഷത്തിൽ കൊടശേരിക്കാരും ചെന്പ്രശേരി ഈസ്റ്റുകാരും തമ്മിൽ ചെറിയ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് കൊറത്തിതൊടിയിൽ അരങ്ങേറിയത്.
ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, സ്റ്റേഷൻ ഹൗസ് ഓഫീസർ സി. പ്രകാശൻ, എഎസ്ഐ ഉണ്ണികൃഷ്ണൻ, ഉദ്യോഗസ്ഥരായ ഷമീർ, രജീഷ്, അനിത, സജീർ, റാഷിദ്, ഷാജഹാൻ, ഷൈജു, ശശികുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.