മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കോഴി മാലിന്യവുമായി എത്തിയ വാഹനങ്ങൾ തടഞ്ഞു
1535660
Sunday, March 23, 2025 5:46 AM IST
നിലന്പൂർ: മന്പാട് ഓടായിക്കൽ ബീറ്റണ് പ്രോട്ടീൻ കന്പനിക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. കോഴി മാലിന്യങ്ങൾ സംസ്കരിക്കുന്ന കന്പനിയിലേക്ക് കോഴി അവശിഷ്ടങ്ങളുമായി എത്തിയ വാഹനങ്ങൾ ഓടായ്ക്കൽ റഗുലേറ്റർ കം ബ്രിഡ്ജിൽ തടഞ്ഞാണ് നാട്ടുകാർ പ്രതിഷേധം അറിയിച്ചു.
ഫ്രീസർ പോലുമില്ലാതെ വാഹനങ്ങളിൽ ദുർഗന്ധം വമിക്കുന്ന കോഴി മാലിന്യങ്ങൾ കൊണ്ടുവരുന്നതിനാലും മാനദണ്ഡങ്ങൾ പാലിക്കാതെ മാലിന്യസംസ്കരണം നടത്തുന്നതിലും പ്രതിഷേധിച്ചാണ് പ്രദേശവാസികളുടെ പ്രതിഷേധം. വലിയ തോതിലുള്ള ദുർഗന്ധം കാരണം കന്പനി പരിസരത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
എട്ട് വാഹനങ്ങളാണ് ഇന്നലെ അർധരാത്രി മാലിന്യവുമായി എത്തിയത്. കഴിഞ്ഞ ദിവസവും പ്രതിഷേധിച്ച് നാട്ടുകാർ വാഹനങ്ങൾ തടഞ്ഞിരുന്നെങ്കിലും പോലീസ് ഇടപ്പെട്ടതിനെ തുടർന്ന് പോകാൻ അനുവദിക്കുകയായിരുന്നു. മന്പാട് ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
കന്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ സ്റ്റോപ്മെമ്മോ നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും ഈ മാസം 31 വരെ കന്പനിക്ക് പ്രവർത്തിക്കാനുള്ള അനുമതി നിലനിൽക്കുന്നതിനാൽ തടയാൻ കഴിയാത്ത സാഹചര്യമുണ്ട്. രാത്രിയുടെ മറവിൽ 12 മണിക്ക് ശേഷമാണ് കോഴി മാലിന്യവുമായി വാഹനങ്ങൾ എത്തുന്നത്.
നാട്ടുകാർ വാഹനം തടഞ്ഞതോടെ പോലീസ് എത്തി ചർച്ച നടത്തിയെങ്കിലും വാഹനങ്ങൾ കന്പനിയിലേക്ക് പോകാൻ നാട്ടുകാർ അനുവദിച്ചില്ല. പുലർച്ചെ അഞ്ചുമണിയോടെ വാഹനങ്ങൾ മടക്കി അയച്ചു. തിരിച്ചയച്ച വാഹനങ്ങളിലെ മാലിന്യങ്ങൾ കുഴിച്ചുമൂടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസ് പഞ്ചായത്തിന് രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്.
മീൻതീറ്റ, മൃഗങ്ങൾക്കുള്ള തീറ്റ എന്നിവയാണ് കോഴി മാലിന്യങ്ങൾ സംസ്കരിച്ച് കന്പനി നിർമിക്കുന്നത്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ അനുമതിയോടെയും ലൈസൻസോടെയുമാണ് കന്പനി പ്രവർത്തിക്കുന്നതെന്നാണ് കന്പനി ഉടമകളുടെ വിശദീകരണം. കന്പനി പ്രവർത്തിക്കുന്ന ഒരു കിലോമീറ്റർ ചുറ്റളവിൽ ദുർഗന്ധം വമിക്കുന്നതാണ് പ്രദേശവാസികളെ അലട്ടുന്ന പ്രശ്നം.