താഴെക്കോട് സ്കൂളിലെ സംഘർഷം : മൂന്ന് വിദ്യാർഥികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി
1535653
Sunday, March 23, 2025 5:46 AM IST
പെരിന്തൽമണ്ണ: താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസംപത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾ ഷഹബാസ് വധക്കേസിലെ പ്രതികളോടൊപ്പം പരീക്ഷ എഴുതും.
കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലാണ് പരീക്ഷ എഴുതുക. 14 ദിവസത്തേക്കാണ് മൂന്നു പേരെയും ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയിട്ടുള്ളത്. എസ്എസ്എൽസി പരീക്ഷ എഴുതുവാനുള്ള അനുവാദം ചിൽഡ്രൻസ് ഹോം അധികൃതർ അനുവദിച്ചിട്ടുണ്ട്. സാധാരണയായി കുട്ടികളെ വീട്ടുകാരോടൊപ്പം വിട്ടയക്കാറുണ്ട്.
എന്നാൽ ഇങ്ങനെയുള്ള കുറ്റകൃത്യം ആയതിനാൽ വീട്ടുകാരോടൊത്ത് വിട്ടയച്ചില്ലെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച എസ്എസ്എൽസി പരീക്ഷക്ക് ശേഷമാണ് വിദ്യാർഥികൾ ചേരിതിരിഞ്ഞ് സ്കൂളിൽ ഏറ്റുമുട്ടിയത്. പരിക്കേറ്റ മൂവരേയും ആദ്യം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് സാരമായി പരിക്കേറ്റ രണ്ടു പേരെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഒരാളെ പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സ്കൂളിലെ ഇംഗ്ലീഷ് -മലയാളം മീഡിയം വിദ്യാർഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ ഒരു വിദ്യാർഥിയെ നേരത്തെ ടി.സി. നൽകി പറഞ്ഞയച്ചിരുന്നു. നടപടി നേരിട്ട വിദ്യാർഥി വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി പത്താംതരം പരീക്ഷ എഴുതാൻ എത്തിയിരുന്നു. പരീക്ഷ എഴുതിയിറങ്ങിയതിന് ശേഷമാണ് മാരകായുധവുമായി സംഘർഷം ഉണ്ടായത്.