ഇരുമ്പുഴിയില്‍ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധം ശക്തമാക്കി
1496021
Friday, January 17, 2025 5:13 AM IST
മലപ്പുറം: ഇരുമ്പുഴി ടൗണ്‍ പ്രദേശത്തെ മഞ്ഞപ്പിത്ത രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ പൊതുജനാരോഗ്യ വിഭാഗം സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി.
രോഗം റിപ്പോര്‍ട്ട് ചെയ്ത ഇരുമ്പുഴി ജിഎംയുപി സ്കൂള്‍, ടൗണ്‍ മസ്ജിദ് പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പരിസരത്തെ കിണറുകള്‍ പരിശോധിക്കുകയും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വ്യക്തിശുചിത്വ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ആനക്കയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും ആനക്കയം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ഇത് സംബന്ധിച്ച് ഡെപ്യൂട്ടി ഡിഎംഒ ഡോ. സി. ഷുബിന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ സുരേഷ് കുമാര്‍, ദിനേശ്, ആനക്കയം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷബ്ന പര്വിന്,
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. സെബാസ്റ്റ്യന്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ യു. നദീര്‍ അഹമ്മദ്, ഇ. ഹഫീസ് ഷാഹി, എം. രഞ്ജിത്ത്, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.