ഫുട്പാത്തിലെ മരണക്കുഴിക്കെതിരേ ജനരോഷം
1484756
Friday, December 6, 2024 4:37 AM IST
കരുവാരകുണ്ട്: മലയോര ഹൈവേയിൽ ഫുട്പാത്തിൽ തീർത്ത മരണക്കുഴിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. കരുവാരകുണ്ട് കണ്ണത്ത് പെട്രോൾ പമ്പിന് സമീപമാണ് ഫുട്പാത്തിൽ അപകടക്കെണി ഒരുക്കിയിരിക്കുന്നത്.
കാൽനടയാത്രക്കാർ ഇതിൽ വീണ് പരിക്കേൽക്കുക നിത്യസംഭവമാണ്. വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളടക്കം കുഴിയിൽ വീണ് അപകടത്തിൽ പെട്ട് പരിക്കേൽക്കാറുണ്ട്. കഴിഞ്ഞ ദിവസം ഫുട്പ്പാത്തിലൂടെ സഞ്ചരിച്ച മധ്യവയസ്ക്കൻ കുഴിയിൽപെട്ട് കാലിന് സാരമായി പരിക്കേൽക്കുകയുണ്ടായി. അപകടങ്ങൾ തുടർക്കഥ ആയതോടെ പ്രദേശവാസികൾ കുഴിക്കു സമീപം ഉപയോഗശൂന്യമായ വസ്തുക്കൾ സ്ഥാപിച്ച് അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരുവാരകുണ്ട് മുതൽ കാളികാവ് വരെ ഒൻപത് കിലോമീറ്റർ ദൂരം അശാസ്ത്രീയമായ റോഡ് നിർമാണമാണ് നടത്തിയിരിക്കുന്നത്.
തിരക്കിട്ട് നിർമാണം പൂർത്തിയാക്കിയതിനെ തുടർന്ന് ടാറിംഗ് നടത്തിയതിലും അപാകത ചൂണ്ടി കാട്ടുന്നു. ഫുട്പാത്തിൽ തന്നെ നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ടും ചെളിയും തങ്ങി നിൽക്കുന്നത് കാൽനട യാത്രക്കാർക്ക് ദുരിതം വിതക്കുന്നതായും പരാതിയുണ്ട്. ഫുട്പാത്തിലൂടെ സഞ്ചരിക്കുന്നവർ ശ്രദ്ധ തെറ്റിയാൽ അപകടം ഉറപ്പാണന്നും എന്നാൽ ബന്ധപ്പെട്ടവരോട് പരാതി അറിയിച്ചാലും നടപടി ഉണ്ടാകുന്നില്ലന്നുമാണ് നാട്ടുകാരുടെ ആരോപണം.