ദേശീയപാതനിര്മാണത്തിലെ സുരക്ഷാ വീഴ്ച; ജില്ലയില്‍ മൂന്ന് വര്‍ഷത്തിനിടെ പൊലിഞ്ഞത് 79 ജീവനുകള്‍
1484524
Thursday, December 5, 2024 4:30 AM IST
തേഞ്ഞിപ്പലം: ദേശീയപാതാ നിര്‍മാണത്തിലെ സുരക്ഷാ വീഴ്ച കാരണം മലപ്പുറം ജില്ലയില്‍ മൂന്ന് വര്‍ഷത്തിനിടെ പൊലിഞ്ഞത് 79 ജീവനുകള്‍. ആകെ നടന്ന 719 അപകടങ്ങളിലായി 79 ജീവനുകളാണ് നഷ്ടപ്പെട്ടത്. 2022 ഓഗസ്റ്റ് മുതല്‍ 2024 നവംബര്‍ വരെയുള്ള കണക്കാണിത്. ജില്ലാ വികസന സമിതി യോഗത്തില്‍ പി. അബ്ദുള്‍ഹമീദ് എംഎല്‍എയുടെ ചോദ്യത്തിന് ജില്ലാ പോലീസ് മേധാവി നല്കിയ മറുപടിയിലാണ് അപകടങ്ങളുടെയും മരണനിരക്കുകളുടെയും കണക്കുകള്‍ വ്യക്തമാക്കുന്നത്.
ദേശീയപാതനിര്‍മാണം തുടങ്ങിയ ഘട്ടം മുതല്‍ നവംബര്‍ വരെയുള്ള അപകടങ്ങളുടെയും മരണങ്ങളുടെയും കണക്കായിരുന്നു എംഎല്‍എ ആവശ്യപ്പെട്ടത്. ജില്ലയില്‍ ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗത സുരക്ഷ ഒരുക്കുന്നതില്‍ നിര്‍മാണ കമ്പനിയുടെ ഭാഗത്തു വന്‍ വീഴ്ചയുള്ളതായി വ്യാപക പരാതി നിലനില്‍ക്കെയാണ് അപകടക്കണക്കുകളുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനവ് കാണിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.
550 വലിയ അപകടങ്ങളും 270 ചെറിയ അപകടങ്ങളും ഇതിനകം നടന്നിട്ടുണ്ട്. ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കല്‍ മുതല്‍ പൊന്നാനി ജില്ലാ അതിര്‍ത്തി വരെയുള്ള ഒമ്പത് പോലീസ് സ്റ്റേഷനുകളിലെ അപകടങ്ങളുടെ കണക്കാണിത്. ഏറ്റവും കൂടുതല്‍ പൊന്നാനി സ്റ്റേഷന് പരിധിയിലാണ് അപകട മരണങ്ങളുണ്ടായത്. 18 പേര് ഇവിടെ മരിച്ചെന്നാണ് കണക്ക്. തിരൂരങ്ങാടിയില്‍ 15പേരും വളാഞ്ചേരിയില്‍ 11 പേരും മരിച്ചതായാണ് കണക്ക്. കോട്ടക്കല്‍ എട്ട്, തേഞ്ഞിപ്പലം എട്ട്, കുറ്റിപ്പുറം ആറ്, പെരുമ്പടപ്പ് ആറ്, കാടാമ്പുഴ അഞ്ച്, കല്പകഞ്ചേരി രണ്ട് എന്നിങ്ങനെയാണ് കണക്ക്.
നിര്‍മാണ പ്രദേശങ്ങളില്‍ ആവശ്യമായ സൂചനാ ബോര്‍ഡുകളും ലൈറ്റുകളും ഒരുക്കാതിരുന്നത് വലിയ സുരക്ഷാ വീഴ്ചയായിരുന്നു. പലയിടങ്ങളിലും കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ അപകടകരമായ രീതിയിലായിരുന്നു സ്ഥാപിച്ചത്. പല ബീമുകളും റോഡുകളിലേക്ക് തള്ളി നില്ക്കുന്ന നിലയിലാണ്. മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെയുള്ള ഗതാഗത ക്രമീകരണം പലപ്പോഴും അപകടം വിളിച്ചുവരുത്തി. സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോള്‍ സേഫ്റ്റി ഓഫീസറെ നിയമിക്കുന്ന രീതിയാണ് ദേശീയപാത വിഭാഗം പിന്തുടര്ന്നത്. നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തിയിട്ടും സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ നിര്‍മാണ കമ്പനി വീഴ്ച തുടരുകയാണ്.