ചുങ്കത്തറ കൃഷിഫാമില്‍ കാര്‍ഷിക പ്രദര്‍ശന വിപണനമേള ജനുവരിയില്‍
1484520
Thursday, December 5, 2024 4:30 AM IST
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചുങ്കത്തറ ജില്ലാ കൃഷി ഫാമില്‍ ജനുവരി രണ്ട് മുതല്‍ ആറ് വരെ നടത്തുന്ന അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശന വിപണനമേള നിറപൊലി അഗ്രി എക്സ്പോയുടെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എം.കെ. റഫീഖ ലോഗോ പ്രകാശനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു.
എടക്കര കൃഷി ഓഫീസര്‍ എബിത ജോസഫാണ് ’നിറപൊലി2കെ24 ലോഗോ രൂപകല്‍പ്പന ചെയ്തത്.
സംസ്ഥാന കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പിന്റെ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ക്ക് പുറമെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ നൂറോളം സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. നടീല്‍ വസ്തുക്കള്‍, മൂല്യവര്‍ധിത കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും, ആധുനിക കാര്‍ഷിക യന്ത്രസാമഗ്രികളുടെ പ്രദര്‍ശനം, വിദ്യാര്‍ഥികള്‍ക്കായി വിവിധ മല്‍സരങ്ങള്‍, കുട്ടികള്‍ക്കുള്ള പിക്നിക് പാര്‍ക്ക്, ഫുഡ് കോര്‍ട്ട് തുടങ്ങിയവയും സജ്ജീകരിക്കും. മേളയോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ കാര്‍ഷിക സെമിനാറുകളും സംഘടിപ്പിക്കും.
ലോഗോ പ്രകാശന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സറീന ഹസീബ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.കെ.സി. അബ്ദുറഹ്മാന്, ബഷീര്‍ രണ്ടത്താണി, വി.കെ.എം. ഷാഫി, ടി.പി. ഹാരിസ്, എ.പി. സബാഹ്, ശ്രീദേവി പ്രാക്കുന്ന്, സലീന, സുഭദ്ര ശിവദാസ്, റൈഹാനത്ത് കുറുമാടന്‍, പി.ഷഹര്ബാന്, യാസ്മിന് അരിമ്പ്ര, സുല്‍ഫീക്കറലി, എന്‍.ടി. റഹ്മത്തുന്നീസ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ബീന, ചുങ്കത്തറ ഫാം സൂപ്രണ്ട് ബെന്നി സെബാസ്റ്റ്യന്‍, ആനക്കയം വിത്തുത്പാദന കേന്ദ്രത്തിലെ സീനിയര്‍ കൃഷി ഓഫീസര്‍ കെ.പി. സുരേഷ്, മലപ്പുറം എംഎസ്ടിഎല് അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് കെ. ജംഷീദ് എന്നിവര്‍ പ്രസംഗിച്ചു.