മേലാറ്റൂര്‍ സബ് സ്റ്റേഷന് പ്രവൃത്തി അന്തിമഘട്ടത്തില്‍
1484519
Thursday, December 5, 2024 4:30 AM IST
പെരിന്തല്‍മണ്ണ: ഡിസംബര്‍ അവസാനത്തോടെ ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാകും. ഇതോടെ ഈ പാതയില്‍ ഇലക്ട്രിക് ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് പ്രതീക്ഷയില്‍ നാട്ടുകാര്‍. മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മിക്കുന്ന ട്രാന്സാക്ഷന് വൈദ്യുതി സബ്സ്റ്റേഷന്റെ പണികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കെഎസ്ഇബിയുടെ ഏതാനും പ്രവൃത്തി മാത്രമേ ബാക്കിയുള്ളൂ. സബ്സ്റ്റേഷനിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പുരോഗമിച്ചുവരുന്നു.
സ്വിച്ചിംഗ് സ്റ്റേഷനുകളുടെ പെയിന്റിംഗ് ജോലികളും ആയി കഴിഞ്ഞു. മേലാറ്റൂര്‍ പ്ലാറ്റ്ഫോം എക്സ്റ്റന്‍ഷന്‍ കോണ്‍ക്രീറ്റ് ജോലികളും നടന്നുവരുന്നു. പ്ലാറ്റ്ഫോമിന്റെ നീളം കൂടിയ ഭാഗത്തെ ലൈറ്റിംഗ് പ്രവൃത്തികളും പൂര്‍ത്തിയാകുന്നു.
സബ്സ്റ്റേഷന് സമീപം വൈദ്യുതി ആഘാതം ഏല്ക്കാന് സാധ്യതയുണ്ടെന്ന് അറിയിച്ചുള്ള സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 66 കിലോമീറ്റര്‍ വരുന്ന ഷൊര്‍ണൂര്‍ നിലമ്പൂര്‍ റെയില്‍പാതയിലെ വൈദ്യുതി വിതരണത്തിന് പര്യാപ്തമാകും വിധം 2500 കെവി സബ്സ്റ്റേഷനാണ് മേലാറ്റൂരില്‍ നിര്‍മിച്ചിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇലക്ട്രിക് ട്രെയിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ചിരുന്നു.
ഷൊര്‍ണൂര്‍ ജംഗ്ഷനില്‍നിന്ന് വൈദ്യുതി കടത്തിവിട്ടാണ് അന്ന് ട്രെയിന്‍ ഓടിച്ചത്.
വൈദ്യുതി ബോര്‍ഡിന്റെ കീഴില്‍ ചോലക്കുളത്തെ 110 കെവി സബ്സ്റ്റേഷനില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരം അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ വലിച്ചാണ് മേലാറ്റൂരിലേക്ക് വൈദ്യുതി എത്തിച്ചിരിക്കുന്നത്. ലൈനില്‍ സ്ഥാപിക്കേണ്ട സ്വിച്ചിംഗ് സ്റ്റേഷന് വാടാനാംകുറുശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ട്രാന്സാക്ഷന് സബ്സ്റ്റേഷന് നിര്‍മാണം അടക്കം നൂറുകോടി രൂപയാണ് ഷൊര്‍ണൂര്‍ നിലമ്പൂര്‍പാത വൈദ്യുതീകരണത്തിനു ചെലവ് കണക്കാക്കുന്നത്.
വൈദ്യുതീകരണം പൂര്‍ത്തിയാക്കി ഇലക്ട്രിക് ട്രെയിന്‍ ഓടി തുടങ്ങുന്നതോടെ ഇന്ധനച്ചെലവ് 30 ശതമാനം കുറയുകയും നിലമ്പൂര്‍ ഷൊര്‍ണൂര്‍ ഓടുന്ന സമയം ഒരു മണിക്കൂര്‍ 35 മിനിറ്റ് എന്നത് ഒരു മണിക്കൂര്‍ 10 മിനിറ്റായി കുറയ്ക്കാനും കഴിയും. ഒപ്പം മെമു സര്‍വീസ് അടക്കം കൂടുതല്‍ ട്രെയിനുകള്‍ ഈ പാതയിലൂടെ സര്‍വീസ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.