അമരമ്പലത്ത് കാട്ടാന ശല്യം രൂക്ഷം; കൃഷി നശിപ്പിച്ചു
1484304
Wednesday, December 4, 2024 5:17 AM IST
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ മലയോരമേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. തേള്‍പ്പാറ പുഞ്ചയില്‍ വ്യാപകമായാണ് കൃഷി നശിപ്പിച്ചത്. ഏതാനും ദിവസങ്ങളായി കാട്ടാനകള്‍ പാട്ടക്കരിമ്പ്, പുഞ്ച, ആന്റണിക്കാട് പ്രദേശങ്ങളില്‍ സ്വൈര്യവിഹാരം നടത്തുകയാണ്. രാത്രിയില്‍ വീടിനടുത്ത് ആനകള്‍ എത്തുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. മണമേല്‍ ഷാജിയുടെ അമ്പതിലധികം കമുകുകള്‍, ലത്തീഫ് പുഞ്ചയുടെ രണ്ട് വര്‍ഷം പ്രായമായ 25 ലധികം റബര്‍ തൈകള്‍, അപ്പച്ചന് പള്ളിയാറടിയിലിന്റെ കുലയ്ക്കാറായ 60ലേറെ വാഴകള്‍ എന്നിവയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. പറമ്പിനു ചുറ്റുമുള്ള കമ്പിവേലിയും നശിപ്പിച്ചിട്ടുണ്ട്.
കര്‍ഷകര്‍ വിവരം വനംവകുപ്പിനെ അറിയിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കാമെന്നറിയിച്ചു. ആനകളെ തുരത്താന്‍ രാത്രിയില്‍ ആര്‍ആര്‍ടി അംഗങ്ങളെ നിയോഗിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങാതിരിക്കാനുള്ള ശാശ്വത പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.