രക്തം സ്വീകരിക്കേണ്ടത് അംഗീകൃത രക്തബാങ്കുകളിലൂടെ: ഡിഎംഒ
1483994
Tuesday, December 3, 2024 4:57 AM IST
മഞ്ചേരി: അംഗീകൃത രക്തബാങ്കുകള്‍ വഴി രക്തം സ്വീകരിക്കണമെന്നും അതുവഴി എയ്ഡ്സ് പോലുള്ള മാരക രോഗങ്ങള്‍ പകരുന്നത് തടയാന്‍ സാധിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക പറഞ്ഞു. ആരോഗ്യവകുപ്പും മലപ്പുറം എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും ചേര്‍ന്ന് മഞ്ചേരി നോബിള്‍ വിമന്‍സ് കോളജില്‍ നടത്തിയ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ.
"അവകാശങ്ങളുടെ പാത തെരഞ്ഞെടുക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം. എയ്ഡ്സ് പോലുള്ള മാരക രോഗങ്ങളുടെ പകര്‍ച്ച തടയുന്നതിന് കുട്ടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ഡിഎംഒ പറഞ്ഞു.
ചടങ്ങില്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. പി. അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. നോബിള്‍ വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. യു. സൈതലവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. പി.അജിത്കുമാര്‍ ദിനാചരണ സന്ദേശം നല്കി.
മഞ്ചേരി മെഡിക്കല്‍ കോളജിലെ എആര്‍ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ബാസില്‍ ബോധവത്കരണ ക്ലാസെടുത്തു. നോബിള്‍ വുമണ്‍സ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അനുപമ എസ്ആര്‍, എച്ച്ഐവി കോ ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, എന്‍എച്ച്എം ഐഇസി കണ്‍സള്‍ട്ടന്റ് ഇ.ആര്. ദിവ്യ, ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വി.അഹമ്മദ് റിനൂസ്, കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ വി.കെ. ഷരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. റെഡ് റിബണ്‍ പ്രോഗ്രാം, സ്കിറ്റ് അവതരണം, മെഴുകുതിരി തെളിയിക്കല്‍, കലാപരിപാടികള്‍ എന്നിവയും നടന്നു.