മരത്താണി ‘ടേക് എ ബ്രേക്കി’ന് വീണ്ടും ബ്രേക്ക്
1483778
Monday, December 2, 2024 5:06 AM IST
മഞ്ചേരി: ആറുമാസത്തിനിടെ രണ്ട് ഉദ്ഘാടനം നടന്ന മരത്താണി ടേക് എ ബ്രേക്ക് പാതയോര വിശ്രമ കേന്ദ്രത്തിന് വീണ്ടും ബ്രേക്ക് വീണു. 2024 മേയ് 26ന് പഞ്ചായത്ത് പ്രസിഡന്റയിരുന്ന എന്‍.പി. ഷാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്ത ടേക് എ ബ്രേക്ക് പിന്നീട് പ്രസിഡന്റായി അധികാരമേറ്റ യു.കെ. മഞ്ജുഷയും ഉദ്ഘാടനം ചെയ്തു. സിഎന്‍ജി റോഡില്‍ 15 ലക്ഷം രൂപ ചെലവിട്ടാണ് ടേക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി വിശ്രമകേന്ദ്രം നിര്‍മിച്ചത്.
പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് റോഡിലൂടെ കടന്നു പോകുന്നത്. ഇങ്ങനെ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും വിശ്രമിക്കുന്നതിന് എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് കേന്ദ്രം സ്ഥാപിച്ചത്.
കുടിവെള്ളം, ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. എന്നാല്‍ രണ്ടുവര്‍ഷം തുടര്‍ച്ചയായി ഫണ്ട് വകയിരുത്തിയെങ്കിലും നടപടിയെടുക്കാന്‍ ഭരണസമിതി കൂട്ടാക്കിയിരുന്നില്ല. പിന്നീട് സ്വകാര്യവ്യക്തിക്ക് നടത്തിപ്പു ചുമതല നല്‍കിയെങ്കിലും വിജയിച്ചില്ല.
ഇതിനിടെ കെട്ടിടത്തിനു മുന്നില്‍ പാതയോര ഭക്ഷണശാല നിര്‍മിക്കാനുള്ള ശ്രമം നടന്നു. ഇതിനായി കാല്നാട്ടുകയും ചെയ്തു. പൊതുമരാമത്തിന്റെയോ പഞ്ചായത്ത് ബോര്‍ഡിന്റെയോ അനുമതിയില്ലാതെയാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും ചേര്‍ന്ന് മലപ്പുറം മേല്‍മുറിയിലെ സ്വകാര്യ വ്യക്തിക്ക് സൗകര്യമൊരുക്കിയത്. എന്നാല്‍ പഞ്ചായത്തംഗങ്ങളുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഈ ശ്രമവും പാളി. ഇതോടെ കേന്ദ്രം വീണ്ടും പൂട്ടുകയായിരുന്നു.
ശബരിമല മണ്ഡലകാലത്ത് നൂറുക്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന ഈ പാതയില്‍ ആര്‍ക്കും ഉപകാരപ്പെടാതെ കാടുമൂടിക്കിടക്കുകയാണ് വിശ്രമകേന്ദ്രം. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കേന്ദ്രം തുറന്നുകൊടുക്കാത്ത പക്ഷം ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് വാര്‍ഡ് മെന്പര് ജോമോന് ജോര്‍ജ് പറഞ്ഞു.