കോട്ടയ്ക്കല്‍ പുത്തൂര്‍ ബൈപാസിലെ കടകള്‍ പൊളിച്ചുമാറ്റി
1461401
Wednesday, October 16, 2024 4:26 AM IST
കോട്ടയ്ക്കല്‍: പുത്തൂര്‍ ചെനക്കല്‍ ബൈപാസില്‍ റോഡ് കൈയേറി പ്രവര്‍ത്തിച്ചിരുന്ന കടകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റി. പുത്തൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യക്കച്ചവടം കാരണം തൊട്ടടുത്തുള്ള കോളനിയിലെ കുടിവെള്ള പദ്ധതിയുടെ കിണര്‍ മലിനമാകുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു.
നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ല. തുടര്‍ന്ന് കോളനി നിവാസികള്‍ പട്ടികജാതി കമ്മീഷനെ സമീപിക്കുകയായിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റ് പൊളിച്ചുമാറ്റി നടപടി സ്വീകരിക്കാന്‍ പട്ടികജാതി കമ്മീഷന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതോടെയാണ് കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി വേഗത്തിലായത്.
ബൈപാസിന്റെ ഇരുവശങ്ങളിലുമായി റോഡ് കൈയേറി നിര്‍മിച്ച കടകള്‍ വാഹനയാത്രക്കാര്‍ക്കും നടന്നു പോകുന്നവര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ജെസിബി ഉപയോഗിച്ചാണ് കടകള്‍ പൊളിച്ചു മാറ്റിയത്.
അസിസ്റ്റന്റ് കളക്ടര്‍ വി.എം.ആര്യ, തിരൂര്‍ സബ് കളക്ടര്‍ കെ.ദിലീപ് കൈനിക്കര, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ബാബു, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കെ.ടി. ഹക്കിം, മലപ്പുറം ഡിവൈഎസ്പി ടി.എസ്. സിനോജ്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറി വി.ആര്. ബിന്ദു, വില്ലേജ് ഓഫീസര്‍ ജുനൈദ് കിളിയമണ്ണില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.