കാട്ടാനകള്‍ റബര്‍ കൃഷി നശിപ്പിച്ചു
1461399
Wednesday, October 16, 2024 4:26 AM IST
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. പന്നിയംകാട്, ചരിയംകുത്ത്, പെരുവമ്പാടം ഭാഗങ്ങളില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. പെരുവമ്പാടം പൈക ഭാഗത്ത് ടാപ്പിംഗ് നടത്തി വരുന്ന റബര്‍ മരങ്ങളാണ് കാട്ടാനകള്‍ കുത്തിമറിക്കുന്നത്.
കടമ്പോടന്‍ ആയിഷയുടെ 30 റബര്‍ മരങ്ങളും 175 കായ്ഫലമുള്ള കമുകുകളും 30 കായ്ക്കുന്ന തെങ്ങുകളുമാണ് ദിവസങ്ങള്‍ക്കുള്ളില്‍ കാട്ടാനകള്‍ നശിപ്പിച്ചത്. തിങ്കളാഴ്ച പെരുവമ്പാടം, പന്നിയംകാട് ഭാഗങ്ങളില്‍ രാത്രി ഏഴുമണിയോടെ കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങി നാശം വിതച്ചു.
പന്നിയംകാട് മേഖലയില്‍ ഇറങ്ങിയ ചുള്ളികൊമ്പനെ റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചും പടക്കം പൊട്ടിച്ചും കൂക്കി വിളിച്ചുമാണ് വനപാലകരും കര്‍ഷകരും ചേര്‍ന്ന് ഏക്കോട് വനമേഖലയിലേക്ക് കയറ്റിയത്. ടാപ്പിംഗ് നടത്തി വരുന്ന റബര്‍ മരങ്ങള്‍ കാട്ടാനകള്‍ നശിപ്പിച്ച് തുടങ്ങിയത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു.
ചാലിയാര്‍ പഞ്ചായത്തില്‍ വ്യാപകമായി റബര്‍ തോട്ടങ്ങളുള്ള പ്രദേശമാണിത്. കമുക്, തെങ്ങ്, വാഴ എന്നിവയാണ് അടുത്തകാലം വരെ കാട്ടാനകള്‍ നശിപ്പിച്ചിരുന്നത്. എന്നാല്‍, നിലവില്‍ ടാപ്പിംഗ് നടത്തി വരുന്ന റബര്‍ മരങ്ങളും തൈകളുമാണ് കാട്ടാനകള്‍ ഇപ്പോള്‍ നശിപ്പിക്കുന്നത്.