യുദ്ധവിരുദ്ധ സന്ദേശവുമായി അര്‍ജുന വിഷാദ വൃത്തം അരങ്ങില്‍
1460910
Monday, October 14, 2024 4:37 AM IST
കോട്ടയ്ക്കല്‍: ഒരു മഹായുദ്ധം വര്‍ണിക്കുക വഴി യുദ്ധത്തിനെതിരെയുള്ള സന്ദേശമാണ് മഹാഭാരതത്തില്‍ വ്യാസന് നല്‍കുന്നതെന്ന തിരിച്ചറിവോടെ ഡോ. രാജശേഖര്‍ പി. വൈക്കം രചിച്ച അര്‍ജുന വിഷാദവൃത്തം ആട്ടക്കഥയ്ക്ക് വര്‍ത്തമാനകാലത്തില്‍ പ്രസക്തിയേറെ. യശഃശരീരനായ കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ ആശാന് കോട്ടക്കല്‍ കളരിയില്‍ ചൊല്ലിയടിച്ചിട്ടുള്ള പ്രസ്തുത കഥ വിജയദശമി ദിനത്തില്‍ ആര്യവൈദ്യശാല വിശ്വംഭര ക്ഷേത്രസന്നിധിയില്‍ പി.എസ്.വി. നാട്യസംഘം അവതരിപ്പിച്ചത് ശ്രദ്ധേയമായി. യുദ്ധത്തില്‍ സര്‍വതും നഷ്ടപ്പെട്ട കൗരവരുടെ സഹോദരിയായ ദുശള യുദ്ധക്കെടുതിയുടെ നേര്‍രൂപമാണ്.
നിരാലംബയായി തന്റെ പേരക്കുട്ടിയുമായി അര്‍ജുനന്റെ മുന്നില്‍ നില്ക്കുന്ന ദുശള ഈ ദുരവസ്ഥയുടെ പ്രതീകമാണ്. സാഹിത്യ പുഷ്ടിയുള്ള ഈ കഥ അവതരിപ്പിച്ചത് പിഎസ്.വി നാട്യസംഘത്തിലെ പ്രഗത്ഭ കലാകാരന്മാരായിരുന്നു. കോട്ടക്കല്‍ ദേവദാസ് അര്‍ജുനനായും കോട്ടക്കല്‍ രാജുമോഹന്‍ ദുശളയായും കോട്ടക്കല്‍ ഉണ്ണികൃഷ്ണന് ജയദ്രഥനായും കോട്ടക്കല്‍ പ്രദീപ് ശ്രീകൃഷ്ണനായും കോട്ടക്കല്‍ കൃഷ്ണദാസ് ദൂതനായും ജനദത്തന്‍ സുരഥ പുത്രനായും രംഗത്തെത്തി.
ഗായകന് കോട്ടക്കല്‍ മധു സംഗീതം പകര്‍ന്നു. സഹഗായകരായി വേങ്ങേരി നാരായണന് നമ്പൂതിരിയും കോട്ടക്കല്‍ സന്തോഷും വിനീഷും. ചെണ്ടവാദ്യം കോട്ടക്കല്‍ പ്രസാദ്, കോട്ടക്കല്‍ വിജയരാഘവന്, കോട്ടക്കല്‍ മനീഷ്, കോട്ടക്കല്‍ ഗോവിന്ദ് ഗോപകുമാര്‍ എന്നിവരും മദ്ദളം കോട്ടക്കല്‍ രവി, കോട്ടക്കല്‍ രാധാകൃഷ്ണന്, പ്രതീഷ്, ചുട്ടി : കോട്ടക്കല്‍ സതീഷ്, രവികുമാര്‍, വിഷ്ണു എന്നിവരും.
അണിയറയില്‍ : രാമകൃഷ്ണന്, ഉണ്ണികൃഷ്ണന്, രാമചന്ദ്രന്, അനൂപ്, അപ്പുണ്ണിയും. കഥയുടെ രചയിതാവായ ഡോ. രാജശേഖര്‍ പി. വൈക്കം ഫെഡോ, ഫാക്ട് ഉദ്യോഗമണ്ഡലിലെ മുന്‍ ചീഫ് എന്‍ജിനീയറാണ്. പ്രഫഷണല്‍ രംഗത്ത് അറിയപ്പെടുന്ന ഇദ്ദേഹം നെടുമ്പാശേരി അന്തര്‍ദേശീയ ടെര്‍മിനലിന്റെ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തും ശ്രദ്ധേയമായ നിരവധി പ്രോജക്ടുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
അര്‍ജുന വിഷാദവൃത്തം കൂടാതെ മോഹിനീവിജയം, ശ്രീശക്തിവിജയം എന്നീ ആട്ടക്കഥകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മഹാകവി വൈലോപ്പിള്ളിയുടെ ജലസേചനം എന്ന കവിതയുടെ കഥകളി ആവിഷ്ക്കാരവും നിര്‍വഹിച്ചിട്ടുണ്ട്.