വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പ്: നിലമ്പൂര്‍ ഗവ. കോളജില്‍ സംഘര്‍ഷം
1460428
Friday, October 11, 2024 5:02 AM IST
നിലമ്പൂര്‍: വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിലമ്പൂര്‍ ഗവ. കോളജില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
യൂണിയന് തെരഞ്ഞെടുപ്പില്‍ ജനറല്‍ വിഭാഗത്തിലെ എട്ട് സീറ്റുകളില്‍ നാലുവീതം സീറ്റുകള്‍ എസ്എഫ്ഐയും യുഡിഎസ്എഫും നേടി. അസോസിയേഷനുകളിലും റെപ്രസെന്റേറ്റീവുമാരിലും നടന്ന തിരഞ്ഞെടുപ്പില്‍ ഏഴുവീതം സീറ്റുകള്‍ ഇരുപക്ഷത്തിനും ലഭിച്ചു. പിജി റെപ്പിന്റെ തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ എസ്എഫ്ഐ വിഭാഗത്തിനും ലഭിച്ചു. ഇതോടെ യൂണിയനും എസ്എഫ്ഐ ക്ക് ലഭിച്ചു. ശേഷം പ്രകടനം നടക്കാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്.
ഇരുപക്ഷവും ആഹ്ലാദ പ്രകടനത്തിന് തയാറെടുക്കുന്നതിനിടയില്‍ പുറത്തു നിന്നെത്തിയ ഇരുപക്ഷത്തെയും നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് പോലീസ് ലാത്തിവീശി ഇരുപക്ഷത്തെയും മാറ്റിയത്. ഇതൊടെ സംഘര്‍ഷത്തിന് അയവ് വന്നു. തുടര്‍ന്ന് കോളജ് ഗേറ്റ് അടച്ചു.
കുട്ടികള്‍ കോളജിനകത്തും പുറത്ത് നിന്നെത്തിയവര്‍ ഗേറ്റിന് പുറത്തുമായി കാത്തുനിന്നു. നിലമ്പൂര്‍ സിഐ മനോജ് പറയട്ടയുടെ നേതൃത്വത്തിലെത്തിയ പോലീസ് ഓരോ വിഭാഗം കുട്ടികളേയും പ്രത്യേകമായി പുറത്തേക്ക് വിട്ടാണ് കോളജ് പരിസരത്തെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചത്. ഇരുവിഭാഗം വിദ്യാര്‍ഥികളും പോലീസകമ്പോടിയോടെ കോളജില്‍ നിന്ന് നിലമ്പൂര്‍ ടൗണിലേക്ക് പ്രകടനമായെത്തി.
നിലമ്പൂര്‍ ഗവ. കോളജ് തെരഞ്ഞെടുപ്പിലെ വിജയികള്‍
കെ. മുഹമ്മദ് ആഷിഖ് (ചെയര്മാൻ-യുഡിഎസ്എഫ്), അനഘ ചന്ദ്രന് (വൈസ് ചെയര്‍പേഴ്സൺ-എസ്എഫ്ഐ), പി.ആര്. അംജംത് ഷാന്‍ (ജന.സെക്രട്ടറി-യുഡിഎസ്എഫ്), പി. ഫെമിന (ജോ.സെക്രട്ടറി-എസ്എഫ്ഐ.), ടി. തൗഫീഖ് (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി-യുഡിഎസ്എഫ്), പി. അബ്ദുള്‍ സനീപ് (ജന.ക്യാപ്റ്റന്‍-എസ്എഫ്ഐ.), കെ. ഷാദില്‍ (എഡിറ്റര്‍-യുഡിഎസ്എഫ്), ബോബിരാജ് (യുയുസി-എസ്എഫ്ഐ).