ചെറുകാട് അവാർഡ് ഇന്ദ്രൻസിന്റെ ഇന്ദ്രധനുസ്സിന്
1460425
Friday, October 11, 2024 5:02 AM IST
പെരിന്തൽമണ്ണ: ചെറുകാടിന്റെ സ്മരണയ്ക്കായി ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് അവാർഡിന് നടൻ ഇന്ദ്രൻസിന്റെ ആത്മകഥയായ ‘ഇന്ദ്രധനുസ്സ്'തെരഞ്ഞെടുത്തു. കഥാകൃത്ത് അശോകൻ ചരുവിൽ, ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ.പി. മോഹനൻ , കവി ഒ.പി.സുരേഷ് എന്നിവർ ഉൾപ്പെട്ട അവാർഡ് നിർണയ സമിതിയാണ് ഇന്ദ്രധനുസ്സിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
28ന് വൈകുന്നേരം 3.30ന് പെരിന്തൽമണ്ണ ടൗൺ സ്ക്വയറിൽ നടക്കുന്ന ചെറുകാട് അനുസ്മരണത്തിൽ മന്ത്രി എം. ബി. രാജേഷ്, ഇന്ദ്രൻസിന് അവാർഡ്സ മ്മാനിക്കും. മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ‘ജീവിതപ്പാത 50'ന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.എൻ. ഗോപീകൃഷ്ണൻ ചെറുകാട്സ്മാരക പ്രഭാഷണം നടത്തും.
ചെയർമാൻ വി.ശശികുമാർ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജീവിതപ്പാത തമിഴിലേക്ക് മെഴിമാറ്റം ചെയ്ത നിർമാല്യമണിയെ ആദരിക്കും. 50000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത് പെരിന്തൽമണ്ണ അർബൻ ബാങ്കാണ്. വാർത്താസമ്മേളനത്തിൽ മാനേജിംഗ് ട്രസ്റ്റി സി.വാസുദേവൻ, ചെയർമാൻ വി.ശശികുമാർ, സെക്രട്ടറി വേണു പാലൂർ, കെ. പി. രമണൻ, എം. കെ. ശ്രീധരൻ എന്നിവർ പങ്കെടുത്തു.