നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ നിരക്ക് വര്‍ധന: യൂത്ത് കോണ്‍ഗ്രസ് നിയമവഴിയില്‍
1460319
Thursday, October 10, 2024 9:06 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ സേവന നിരക്കുകളിലെ വര്‍ധനക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ്. നിലമ്പൂര്‍ മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഹൈക്കോടതി അഭിഭാഷകന് മുഹമ്മദ് ഇഖ്ബാല്‍ മുഖേന ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഹര്‍ജി ഫയലില്‍ സീകരിച്ചതായും നേതാക്കള്‍ പറഞ്ഞു.
സാധാരണക്കാര്‍ക്ക് അമിതഭാരം വരുത്തുന്ന സേവന നിരക്ക് വര്‍ധനക്ക് കൂട്ടുനിന്ന ആശുപത്രി മാനേജ്മെന്റ്് കമ്മിറ്റി (എച്ച്എംസി) അംഗങ്ങളുടെ നിലപാടിനെയും യൂത്ത് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ജില്ലാ ആശുപത്രികളിലെ സേവന നിരക്ക് ഏകീകരണത്തിന്റെ ഭാഗമായാണ് സേവന നിരക്ക് വര്‍ധനവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വാദവും യൂത്ത് കോണ്‍ഗ്രസ് തള്ളി. നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് വേണ്ടി ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കില്ലെന്ന ബോധ്യത്തെത്തുടര്‍ന്നാണ് ജനപക്ഷത്തുനിന്ന് ഹൈക്കോടതിയെ സമീപിച്ചതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്.
കോണ്‍ഗ്രസിന്റെ എച്ച്എംസി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് എച്ച്എംസി യോഗം അടിയന്തരമായി വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും യോഗം വിളിച്ചില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി എച്ച്എംസിയില്‍ എത്തുന്നവര്‍ ജനപക്ഷത്താണ് നില്‍ക്കുന്നത്.
മുഴുവന്‍ പാര്‍ട്ടികളുടെയും എച്ച്എംസി അംഗങ്ങളും ജനത്തിന്റെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച സേവന നിരക്ക് വര്‍ധനക്ക് അനുകൂലമായി നിന്നത് ഖേദകരമാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്് സൈഫു ഏനാന്തി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ടി.എം.എസ്. ആഷിഫ്, മൂര്‍ഖന്‍ മാനു, ഫിറോസ് മയ്യംന്താനി എന്നിവര്‍ പങ്കെടുത്തു.