"ഇരുമ്പ് നിര്‍മിത വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കണം'
1459928
Wednesday, October 9, 2024 7:05 AM IST
മലപ്പുറം: വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇരുമ്പ് നിര്‍മിത വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കണമെന്ന് ഓള് കൈന്റ്സ് ഓഫ് വെല്‍ഡേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഇത്തരം നിര്മിതികള്ക്കാകുമെന്ന് സമ്മേളനം വിലയിരുത്തി. പി. ഉബൈദുള്ള എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയര്മാന് നാണി തയ്യില്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് മുജീബ് കാടേരി മുഖ്യാതിഥിയായി. സംസ്ഥാന കമ്മറ്റി അംഗം പ്രേമന് തിരുവനന്തപുരം സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. ഫിലിപ്പ് മമ്പാട് മോട്ടിവേഷന്‍ ക്ലാസ് എടുത്തു.
സംഘടനയുടെ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തില്‍ നൗഫല്‍ കോക്കൂര്‍ സംസാരിച്ചു. സാമൂഹിക പ്രവര്ത്തകന് അബ്ദുല്‍ കബീര്‍ മച്ചിഞ്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റ് ജൗഹര്‍ കടലുണ്ടി എന്നിവര്‍ സംസാരിച്ചു. ലബീബ് തിരൂരങ്ങാടി സേഫ്റ്റി ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് ഭരതന് മക്കരപ്പറമ്പ് സ്വാഗതവും സത്താര്‍ പെരുമുക്ക് നന്ദിയും പറഞ്ഞു. വെല്‍ഡിംഗ് മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.