‘തനിമ’ ബ്രാന്‍ഡില്‍ അരി : 12-ാം വർഷവും നെല്‍കൃഷിയുമായി മൂത്തേടം സ്കൂള്‍
1459476
Monday, October 7, 2024 5:34 AM IST
എടക്കര: തുടര്‍ച്ചയായി പന്ത്രണ്ടാംവര്ഷവും നെല്‍കൃഷി ഉത്സവമാക്കി മൂത്തേടം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. നെല്‍കൃഷിയിലൂടെ വര്‍ഷങ്ങളായി നന്മയുടെയും തനിമയുടെയും നൂറുമേനി കൊയ്ത അനുഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ്, സ്കൗട്ട്, കൃഷി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും വിദ്യാര്‍ഥികള്‍ ഞാറുനടീല്‍ നാടിന്റെ ഉത്സവമാക്കി.
ഞാറ്റുവേല പാട്ടിന്റെ ഈണത്തിലും താളത്തിലും വിദ്യാര്‍ഥികള്‍ ഒരു നാടിനെ കൂട്ട് പിടിച്ചു പാടത്തിറങ്ങിയപ്പോള്‍ ഞാറു നട്ടത് ഒന്നര ഏക്കര്‍ വയലില്‍. പുസ്തകവും പേനയും പിടിക്കേണ്ട കൈകളില്‍ ചേറും ഞാറും കൂട്ടായപ്പോള്‍ തെളിയിക്കപ്പെട്ടത് യുവതലമുറയുടെ കൃഷിയിലൂടെയുള്ള സാമൂഹിക പ്രതിബദ്ധതയായിരുന്നു.
‘നമ്മുടെ കൃഷി നമ്മുടെ അന്നം’ എന്ന സന്ദേശം ഉയര്‍ത്തിപിടിച്ചാണ് ഇത്തവണ വിദ്യാര്‍ഥികള്‍ നെല്‍കൃഷി ആരംഭിച്ചത്. കൃഷി നടത്തുന്ന വയലിന് സമീപ പ്രദേശങ്ങളിലെ ആളുകളെ നടീല്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ പങ്കെടുപ്പിച്ചും ഞാറുനടീല്‍ വിദ്യാര്‍ഥികള്‍ നാടിന്റെ ആഘോഷമാക്കി മാറ്റി.
നന്മയുടെ പങ്കുവയ്ക്കലാണ് കൃഷി എന്ന തിരിച്ചറിവുള്ളതു കൊണ്ടാണ് നെല്‍കൃഷി നഷ്ടമാണെന്ന പതിവ് കേള്‍വിക്ക് ചെവികൊടുക്കാതെ വിദ്യാര്‍ഥികള്‍ പാടത്തേക്കിറങ്ങിയത്. പണത്തിന്റെ ലാഭ,നഷ്ടകണക്കിനേക്കാള് വിഷമില്ലാത്ത അന്നം ഒരു നേരത്തേക്കെങ്കിലും എത്തിക്കാന്‍ കഴിഞ്ഞാല്‍ അതാണ് വലിയ നേട്ടമെന്ന് വിദ്യാര്‍ഥികള്‍ കരുതുന്നു.
ജൈവരീതിയിയിലാണ് കൃഷി നടത്തുന്നത്. കിട്ടുന്ന വിളവ് ‘തനിമ’ എന്ന ബ്രാന്‍ഡില്‍ അരിയും അവിലുമായി മാര്‍ക്കറ്റില്‍ ഇറക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. നടീല്‍ ഉത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ഞാറു നട്ട് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി. അഷ്റഫ് അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസര്‍ നീതു മുഖ്യപ്രഭാഷണം നടത്തി. എസ്എംസി ചെയര്മാന് ഇ. സുഹറബാനു, പിടിഎ വൈസ് പ്രസിഡന്റ് ടി.എന്‍. ആസാദ്, പ്രിന്‍സിപ്പല്‍ മുജീബ് റഹ്മാന് പുലത്ത്, കൃഷി ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ഗഫൂര്‍ കല്ലറ, പി. ജംഷിദ് എന്നിവര്‍ പ്രസംഗിച്ചു. യാസര്‍ അറഫാത്ത്്, സുബിത, അഭിനവ്, നാഫിഹ മുല്ലശേരി എന്നിവര്‍ നേതൃത്വം നല്കി.