"രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ സന്നദ്ധ സംഘടനകള്‍ക്ക് നിര്‍വഹിക്കാനുള്ളത് വലിയ പങ്ക്'
1458816
Friday, October 4, 2024 4:48 AM IST
പെരിന്തല്‍മണ്ണ: സന്നദ്ധ സംഘടനകള്‍ക്ക് രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ വലിയ പങ്ക് നിര്‍വഹിക്കാനുണ്ടെന്നും സന്നദ്ധ പ്രവര്‍ത്തന രംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ "ക്രിയ സിവില്‍ സര്‍വീസ് അക്കാദമി'യില്‍ ക്രിയ പദ്ധതിയും മുദ്ര എഡ്യുക്കേഷണല്‍ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്ത് യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന തെറ്റായ പ്രവണതകള്‍ക്കെതിരേയുള്ള ശക്തമായ പ്രചാരണം സന്നദ്ധ സംഘടനകള്‍ അജണ്ടയായി ഏറ്റെടുക്കണം. വിദ്യാഭ്യാസം, സ്കില്‍ ഡവലപ്മെന്റ് എന്നീ രംഗങ്ങളിലും സന്നദ്ധ സംഘടനകള്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുദ്ര ഫൗണ്ടേഷന് ചെയര്മാന് നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിച്ചു. മലപ്പുറം അസി. കളക്ടര്‍ വി.എം. ആര്യ മുഖ്യാതിഥിയായിരുന്നു.
മുന്‍ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, മുദ്ര ഫൗണ്ടേഷന് സെക്രട്ടറി ഡോ. പി. ഉണ്ണീന്‍, എ.കെ. നാസര്‍ മാസ്റ്റര്‍, അഡ്വ. എസ്. അബ്ദുസ്സലാം, മുനീര്‍ മാസ്റ്റര്‍, ഷാഹിദ് എളേറ്റില്‍, എം.എ. റാഫി ,
റഊഫ് എളേറ്റില്‍, റോഷിന്, മുദ്ര ഫൗണ്ടഷന് എക്സിക്യൂട്ടീവ് അംഗം ലതിക സതീഷ്, എന്‍.എം. ഫസല്‍ വാരിസ് എന്നിവർ സംസാരിച്ചു. വിവിധ സെഷനുകള്‍ക്ക് അനന്തു കൃഷ്ണന്, ഡോ. തോമസ് ജോര്‍ജ്ജ്, പി.എം.എ. സമീര്‍, സജി ഐസക്, കെ.കെ. ഹമീദ്, മുസ്തഫ പരതക്കാട് നേതൃത്വം നല്കി.